പ്രശസ്ത സംവിധായകന്‍ അബ്ബാസ് കിരൊസ്‍താമി അന്തരിച്ചു

Update: 2018-04-21 03:44 GMT
Editor : Ubaid
പ്രശസ്ത സംവിധായകന്‍ അബ്ബാസ് കിരൊസ്‍താമി അന്തരിച്ചു

കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്കാരം നേടിയ ടേസ്റ്റ് ഓഫ് ചെറി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെയാണ് കിരൊസ്‍തമി ജനഹൃദങ്ങലിടം പിടിക്കുന്നത്.

പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കിരൊസ്‍താമി അന്തരിച്ചു. ഇറാനിയന്‍ നവതരംഗ സിനിമയുടെ വക്താവെന്ന് പറയപ്പെടുന്ന കിരൊസ്‍തമി തിരക്കഥാകൃത്ത് ഫൊട്ടോഗ്രാഫര്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും ജനകീയനാണ്. 76 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായി ഫ്രാന്‍സില്‍ ചികിത്സയിലായിരുന്ന അബ്ബാസ് കിരൊസ്‍താമിയുടെ മരണം ഇന്നു പുലര്‍ച്ചെയായിരുന്നു.

കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്കാരം നേടിയ ടേസ്റ്റ് ഓഫ് ചെറി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെയാണ് കിരൊസ്‍തമി ജനഹൃദങ്ങലിടം പിടിക്കുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും തുടങ്ങിയ ചലച്ചിത്ര ജീവതം 2012 ല്‍ ഒരുക്കിയ ലൈക്ക് സം വണ്‍ ഇന്‍ ലവ് വരെ നീണ്ടു. 1940 ല്‍ ടെഹ്റാനിലായിരുന്നു കിരൊസ്‍താമിയുടെ ജനനം. ചെറുപ്പകാലത്തേ ചിത്രകലയോട് തോന്നിയ ആഭിമുഖ്യം അദ്ദേഹത്തെ പരസ്യമേഖലയില്‍ എത്തിച്ചു. പീന്നീട് കമ്പം ഫോട്ടോഗ്രഫിയിലേക്ക് മാറി. ആദ്യ ഫീച്ചര്‍ ഫിലം പുറത്തിറങ്ങുന്നത് 1977 ലാണ്. പിന്നീട് ദ് വിന്‍ഡ് വില്‍ കാരി അസ്, ടെന്‍, ടിക്കറ്റ്സ്, ഷിറിന്‍, സര്‍ട്ടിഫൈഡ് കോപ്പി തുടങ്ങി നിരവധി ചിത്രങ്ങള്‍. ഇറാനിയന്‍ ചിത്രങ്ങള്‍ക്ക് സെന്‍സറിങ് നിര്‍ബന്ധമാക്കിയ കാലത്ത് പലരും രാജ്യം വിട്ടപ്പോള്‍ ചെറിയചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായ കിരൊസ്‍താമി അവിടത്തന്നെ തുടരുകയായിരുന്നു. ഇറാനാണ് തന്റെ പ്രതിഭയ്ക്ക് വളക്കൂറുളള മണ്ണെന്ന് അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞിരിന്നു. 1987 ല്‍ പുറത്തിറങ്ങിയ വേര്‍ ഈസ് ദ ഫ്രന്റ്സ് ഹോം എന്ന ചിത്രം ലോക ശ്രദ്ധ നേടി. ചലച്ചിത്ര രംഗത്ത് ഏറെ പരീക്ഷണങ്ങള്‍ പരീക്ഷിച്ച ചിത്രമായിരുന്നു ഷിറിന്‍. ഒരു ചിത്രം കാണുന്ന പ്രേക്ഷരുടെ മുഖഭാവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഷിറിന്‍ ഒരുക്കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News