കിഷോരി അമോങ്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി
ഇനിയും വരാത്ത കണ്ണനെ കാത്ത് ഭജനുകള്‍ പാടാന്‍ ഇനി മീരാഭായുടെ ശബ്ദമായി കിഷോരി അമോങ്കറുണ്ടാവില്ല എന്ന സത്യം വലിയ ഞെട്ടലോടെയാണ് സംഗീത പ്രേമികള്‍ കേട്ടത്...
ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ക്ലാസിക്കല്‍ ഖയാലിലും ഭജനിലുമുള്ള അപൂര്‍വ രാഗങ്ങള്‍ ബാക്കിവെച്ചാണ് ജയ്പൂര്‍ ഖരാനയുടെ പിന്‍തലമുറക്കാരി യാത്രയാവുന്നത്.
ജയ്പൂര്‍ അത്രോളി ഖരാനയിലെ ഭാവസാന്ദ്രമായ ശൈലിയിലൂടെയാണ് കിഷോരി അമോങ്കറിന്റെ പേര് ഹിന്ദുസ്ഥാനി സംഗീത ശാഖയില്‍ നിറഞ്ഞു നിന്നത്. മാധവദാസ് ഭാട്യയുടെയും പ്രഗത്ഭ സംഗീതജ്ഞ മൊഗുഭായി കര്‍ഡികറുടെയും മകളായി 1931 ല്‍ മുംബൈയിലാണ് കിഷോരിയുടെ ജനനം.
അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ക്ലാസിക്കല്‍ ഖയാലിലും ഭജനിലുമുള്ള രാഗങ്ങളിലൂടെയാണ് ശ്രദ്ധേയമായത്. പിന്നീട് ജയ്പൂര്‍ ഖരാനയില്‍ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ഭാവസാന്ദ്രമായ ആലാപനത്തിലൂടെ സ്വരസ്ഥാനങ്ങളുടെ പൂര്‍ണത രേഖപ്പെടുത്തിയ ശബ്ദസൗന്ദര്യം ജനഹൃദയങ്ങളില്‍ ഇടം നേടിയത് വളരെ പെട്ടെന്നായിരുന്നു.
ഇന്ത്യയിലുടനീളം സംഗീത പ്രഭാഷണങ്ങള്‍ നടത്തുന്നതിനൊപ്പം വലിയ ശിഷ്യസമ്പത്തിന്റെ ഉടമകൂടിയായിരുന്നു കിഷോരി അമോങ്കര്‍. കഴിഞ്ഞയാഴ്ചയും ഡല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തില്‍ ഇവരുടെ കച്ചേരിയുണ്ടായിരുന്നു. പാതി നിര്‍ത്തിയ വരികളുമായി കിഷോരി പടിയിറങ്ങുമ്പോള്‍ അനാഥമാവുന്നത് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ശാഖകൂടിയാണ്. ഇനിയും വരാത്ത കണ്ണനെ കാത്ത് ഭജനുകള്‍ പാടാന്‍ ഇനി മീരാഭായുടെ ശബ്ദമായി കിഷോരി അമോങ്കറുണ്ടാവില്ല എന്ന സത്യം വലിയ ഞെട്ടലോടെയാണ് സംഗീത പ്രേമികള്‍ കേട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം.