കബാലി ഡാ... സ്റ്റൈല്‍ മന്നനായി കോയമ്പത്തൂരില്‍ ഒരു റസ്റ്റോറന്റ്
കബാലിയുടെ ആറടി പൊക്കമുള്ള ചിത്രത്തിനൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരവുമുണ്ട്
ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്കുള്ള സ്റ്റൈല്‍മന്നന്റെ വരവ് ആഘോഷമാക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. തമിഴ് മക്കള്‍ക്ക് ഇത് ഹൃദയത്തില്‍ തൊട്ടുള്ള ആഘോഷത്തിന്റെ നിമിഷങ്ങളാണ്. കബാലിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. രജനികാന്ത് ഒരു ആവേശമായി പടര്‍ന്നുകയറുമ്പോള്‍ ദളപതിക്കായി ഒരു റസ്റ്റോറന്റ് തന്നെ സമര്‍പ്പിച്ചിരിക്കുകയാണ് കോയമ്പത്തൂരില്‍. കോളിവുഡ് കഫേ എന്ന പേരിലുള്ള ഈ റസ്റ്റോറന്റില്‍ സര്‍വ്വത്ര രജനിമയമാണ്. ചുവരുകളില്‍ ചിരിക്കുന്ന രജനികാന്തിന്റെ വിവിധ സിനിമകളിലെ ചിത്രങ്ങള്‍. ഡൈനിംഗ് ടേബിളിലെ ഷീറ്റുകളില്‍ രജനിയെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രശ്നങ്ങള്‍. ഒപ്പം കബാലിയുടെ ആറടി പൊക്കമുള്ള ചിത്രത്തിനൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരവുമുണ്ട്.
ആര്‍എസ് പുരത്ത് കഴിഞ്ഞ മാസമാണ് കോളിവുഡ് കഫേ തുടങ്ങുന്നത്. രജനിയുടെ പത്തോളം ചിത്രങ്ങളും ചുവരിലുണ്ട്. ഒപ്പം രജനിയുടെ വിലപ്പെട്ട സന്ദേശങ്ങളും എഴുതിയിട്ടുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകനായ ഹരിഹരന്‍ സുരേഷാണ് റസ്റ്റോറന്റിന്റെ ഉടമ. റസ്റ്റോറന്റിലെത്തുന്നവര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷമുള്ള ഇടേവളക്കിടയില്‍ രജനി പദപ്രശ്നം കളിക്കാം. പദപ്രശ്നം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനവുമുണ്ടെന്ന് ഹരിഹരന്‍ പറഞ്ഞു.
കബാലിയുടെ റിലീസിന്റെ ഭാഗമായുള്ള ഇതുകൊണ്ടൊന്നും തീരുന്നില്ല. കബാലിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത നൂറോളം ടീ ഷര്‍ട്ടുകളാണ് തിരുപ്പൂര്‍ ഗാര്‍മന്റ് യൂണിറ്റുകളില്‍ നിന്നും ആരാധകര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ആരാധകരുടെ ട്രേഡ്മാര്‍ക്കായ വെള്ളയില്‍ നീലയും വെള്ളയും ചുവപ്പും ബോര്‍ഡറുകള്‍ ഉള്ള മുണ്ടുകള്‍ ഷോപ്പുകളില്‍ എത്തിക്കഴിഞ്ഞു.
കബാലിയുടെ റിലീസ് ചെയ്യുന്ന ജൂലൈ 22ന് കോയമ്പത്തൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുമുണ്ട്. പ്രത്യേകമായി ഡിസൈന്‍ ചെയ്ത വേഷത്തില്‍ കബാലിയുടെ ആദ്യ ഷോ കാണാനാണ് ആരാധകരുടെ തീരുമാനം. പതിവ് പോലെ പാലഭിഷേകവും മധുരപലഹാര വിതരണവും നടക്കും.