സുവര്‍ണ ചകോരം ക്ലാഷിന്; മാന്‍ഹോളിന് രണ്ട് പുരസ്കാരം

Update: 2018-05-15 19:36 GMT
Editor : Sithara
സുവര്‍ണ ചകോരം ക്ലാഷിന്; മാന്‍ഹോളിന് രണ്ട് പുരസ്കാരം

ഐഎഫ്എഫ്കെയില്‍ മികച്ച ചിത്രത്തിനുളള സുവര്‍ണ ചകോരം ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷിന്.

ഐഎഫ്എഫ്കെയില്‍ മികച്ച ചിത്രത്തിനുളള സുവര്‍ണ ചകോരം ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷിന്. മുഹമ്മദ് ദിയാബാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച ചിത്രമായി പ്രേക്ഷകര്‍ തെരഞ്ഞെടുത്തതും ക്ലാഷാണ്. മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരം മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്റിനാണ്. മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരവും മാന്‍ഹോളിന് ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ക്ലെയര്‍ ഒബ്‌സ്‌ക്യുര്‍ സംവിധാനം ചെയ്ത യെസിം ഉസ്‌തോഗ്‌ലു കരസ്ഥമാക്കി.മികച്ച മലയാള ചിത്രത്തിനുളള നെറ്റ് പാക് പുരസ്ക്കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടം സ്വന്തമാക്കി.

Advertising
Advertising

മികച്ച ലോകസിനിമക്കുളള ഫിപ്രസി പുരസ്ക്കാരം മെക്സിക്കോ ചിത്രം വെയര്‍ഹൌസ്ഡിനാണ്. മികച്ച ഏഷ്യന്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ടര്‍കിഷ് സിനിമ കോള്‍ഡ് ഓഫ് കലന്ദറാണ്.

മുല്ലപ്പൂ വിപ്ലവാനന്തരമുള്ള ഈജിപ്താണ് ക്ലാഷില്‍ ചിത്രീകരിച്ചിരിക്കുന്നത്. സൈന്യവും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും ഇരു വിഭാഗത്തെയും എതിര്‍ക്കുന്ന സാധാരണക്കാരുമെല്ലാം ചിത്രത്തിലുണ്ട്. ചിത്രം ഏകദേശം മുഴുവനായി തന്നെ ഒരു വാനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ വാനിലാകട്ടെ ഈജിപ്തിന്റെ പരിച്ഛേദമുണ്ട്. ശുചീകരണ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് മാന്‍ഹോള്‍.

പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലെ കൊടുക്കല്‍ വാങ്ങലുകള്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യചാരുതയില്‍ ആവിഷ്കരിച്ച കോള്‍ഡ് ഓഫ് കലന്ദര്‍ സംവിധാനം ചെയ്തത് തുര്‍ക്കി സംവിധായകന്‍ മുസ്തഫ കാരയാണ്. നിസാരമെന്ന് കരുതുന്ന കഥാതന്തുവില്‍ നിന്നുപോലും മികച്ച ദൃശ്യാനുഭവം തീര്‍ത്ത ചിത്രമാണ് വെയര്‍ഹൌസ്ഡ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News