നവാഗതര്‍ക്ക് കൈത്താങ്ങായി രാജീവ് രവിയും ലാല്‍ ജോസും; കിസ്മത്ത് ജൂലൈയിലെത്തും

Update: 2018-05-29 11:54 GMT
Editor : Sithara
നവാഗതര്‍ക്ക് കൈത്താങ്ങായി രാജീവ് രവിയും ലാല്‍ ജോസും; കിസ്മത്ത് ജൂലൈയിലെത്തും

ഷാനവാസ് ബാവക്കുട്ടി സംവിധായം ചെയ്ത കിസ്മത്ത് രാജീവ് രവിയുടെ നേതൃത്വത്തിലുളള കലക്ടീവ് ഫേസ് വണ്‍ നിര്‍മ്മിച്ച് കിസ്മത് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുക.

നവാഗത സംവിധായകരെ പ്രോത്സാഹിപ്പിക്കാന്‍ മലയാളത്തിലെ സംവിധായകര്‍ മുന്നിട്ടിറങ്ങുന്നത് സിനിമാരംഗത്തുനിന്നുള്ള കാഴ്ചയാണ്. അത്തരത്തില്‍ ഒരു സിനിമ കൂടി റിലീസിന് ഒരുങ്ങുന്നു. ഷാനവാസ് ബാവക്കുട്ടി സംവിധായം ചെയ്ത കിസ്മത്ത് രാജീവ് രവിയുടെ നേതൃത്വത്തിലുളള കലക്ടീവ് ഫേസ് വണ്‍ നിര്‍മ്മിച്ച് കിസ്മത് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുക.

Advertising
Advertising

ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളൊരുക്കിയ ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. രാജീവ് രവിയും ലാല്‍ ജോസും ആഷിക് അബും ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ ചലച്ചിത്രകാരന്‍മാര്‍ നവാഗത പ്രതിഭകളുടെ കൈപിടിക്കുന്നതിന്റെ തുടര്‍ച്ച കൂടിയാണ് കിസ്മത് എന്ന സിനിമയുടെ റിലീസിലൂടെ സാധ്യമാകുന്നത്.

പൊന്നാനി പശ്ചാത്തലമാക്കിയ പ്രണയകഥയാണ് കിസ്മത്. യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപസ്, ഐഡി എന്നീ സിനിമകള്‍ക്ക് ശേഷം കലക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ രാജീവ് രവിയും സുഹൃത്തുകളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പട്ടം സിനിമയുടെ ബാനറില്‍ ഷൈലജ മണികണ്ഠനാണ് സഹനിര്‍മ്മാണം. ‌‌‌

ബി.ടെക് വിദ്യാര്‍ത്ഥിയായ ഇര്‍ഫാന്റെയും ചരിത്ര ഗവേഷകയായ അനിതയുടെയും പ്രണയമാണ് സിനിമയുടെ പ്രമേയം. പൂര്‍ണ്ണമായും പൊന്നാനിയില്‍ ചിത്രീകരിച്ചിട്ടുള്ള ചിത്രത്തില്‍ മിമിക്രതാരവും നടനുമായ അബിയുടെ മകന്‍ ഷെയിന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ സിനിമകളില്‍ ഷെയ്ന്‍ നിഗം ശ്രദ്ധേയ റോളുകളില്‍ എത്തിയിരുന്നു. ഷെയിന്‍ ആദ്യമായി നായക വേഷത്തില്‍ എത്തുകയാണ് കിസ്മത്തിലൂടെ.

വിനയ് ഫോര്‍ട്ട് സബ് ഇന്‍സ്‌പെക്ടര്‍ അജയ് സി മേനോന്‍ എന്ന കഥാപാത്രമായാണ് എത്തുക. പി ബാലചന്ദ്രന്‍, സുനില്‍ സുഗദ, അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സജിത മഠത്തില്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കേരളാ കഫേയില്‍ അന്‍വര്‍ റഷീദ് ചിത്രമായ ബ്രിഡ്ജിന് ഛായാഗ്രഹണം നിര്‍വഹിച്ച സുരേഷ് രാജാണ് ക്യാമറ. അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതരായ സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധരനും സംഗീതം നല്‍കുന്നു. ജൂലൈ അവസാന വാരം തിയറ്ററുകളിലെത്തും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News