എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്! അതില്‍ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല

Update: 2018-05-30 22:36 GMT
Editor : Jaisy
എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്! അതില്‍ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല

1984 ലാണ് ഞാൻ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്

ക്യാമറക്ക് മുന്നില്‍ മാത്രം അഭിനയിക്കുന്ന നടനാണ് മെഗാതാരം മമ്മൂട്ടി. അതിനപ്പുറത്തേക്ക് തീര്‍ത്തും പച്ചയായ മനുഷ്യന്‍. ദേഷ്യവും സങ്കടവും സന്തോഷവുമെല്ലാം യാതൊരു മറയുമില്ലാതെ പ്രകടിപ്പിക്കുന്ന മനുഷ്യന്‍. മമ്മൂക്ക എന്ന മനുഷ്യ സ്നേഹിയെക്കുറിച്ചുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സിനിമാതാരം അജിത് കൊല്ലം.

അജിതിന്റെ കൊല്ലത്തിന്റെ കുറിപ്പ് വായിക്കാം

ലക്ഷക്കണക്കിനുവരുന്ന മമ്മൂക്ക ആരാധകർക്ക് എന്റെ പെരുന്നാൾ സമ്മാനം . 1984 ലാണ് ഞാൻ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത് . ചിത്രം - "ഈ ലോകം ഇവിടെ കുറെ മനുഷ്വർ". 50 ഓളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി . എന്റെ 35 വർഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനര്‍ഘനിമിഷങ്ങൾ !

Advertising
Advertising

അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകർക്ക് പെരുന്നാൾ ദിനത്തിൽ സമ്മാനിക്കുന്നു . ഫാസിൽ സാറിന്റെ "പൂവിനു പുതിയ പൂന്തെന്നൽ" എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ എന്നെ കണ്ട ആ ചിത്രത്തിലെ അസ്സോസിയേറ്റ് ഡയറക്ടർ ഇന്നത്തെ വലിയ സംവിധായകൻ സിദ്ദിഖ് പറഞ്ഞു മമ്മുക്ക അജിത്തിനെ കുറിച്ച വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത് . അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു എന്നാൽ . അതെ സെറ്റിൽ എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി ......

കഥയിൽ, മമ്മൂക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടർന്ന് വരുന്ന മമ്മൂക്ക പട്ടണത്തിലെ നടു റോട്ടിലിട്ടു എന്നെ തല്ലുന്നു. ആ വേഷം ചെയ്യാൻ അതിരാവിലെ എഴുന്നേറ്റ് റെഡി ആയ ഞാൻ കേൾക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മുക്ക പറഞ്ഞതായിട്ടാണ് ഞാൻ അറിഞ്ഞത് . ഇത് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നി . കണ്ണുകൾ നിറഞ്ഞു . ഈ വിവരം പറഞ്ഞത് മണിയൻ പിള്ള രാജു ആണ് .

രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം. അഞ്ചു ചിത്രങ്ങളിൽ ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മുക്ക കൊച്ചിൻ ഹനീഫയോടൊപ്പം യാത്ര ചെയ്‌ത്‌ ഏതാണ്ട് 15 km കഴിഞ്ഞപ്പോൾ ഹനീഫയ്ക്ക എന്റെ വിഷയം മമ്മുക്കയെ അറിയിച്ചു . അത് കേട്ടതും പെട്ടന്ന് മമ്മുക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു .

അർദ്ധമയക്കത്തിലായിരുന്ന ഞാൻ മമ്മൂക്കയുടെ ഗർജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത് . കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാൻ ഞെട്ടി . എന്നോടായി മമ്മൂക്ക "ഞാൻ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത് . നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട് . ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരും .അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ".... ഓർക്കുമ്പോൾ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്! . അതിൽ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല ..,,

മലയാളത്തിലെ വലിയ സംവിധായകൻ ജോഷി സാറിനെ സ്വന്തം കാറിൽ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപെടുത്തിത്തന്നത് . തുടർന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു . ഇതാണ് മമ്മൂക്കയുടെ മനസ്സ് .

അടുത്തറിയുന്നവർക്ക് മാത്രമേ അതിന്റെ വില അറിയൂ.. കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്. അങ്ങനെയുള്ളവരെ പലരെയും മമ്മുക്ക സിനിമയിലേക്ക് ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട് . ഈ സത്യം തുറന്ന് പറയാൻ മടിക്കുന്നവരാണ് പലരും . സംവിധായകൻ, കാമറ മാൻ, തുടങ്ങി ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു .

വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഒരുപാട് സൽകർമങ്ങൾ ചെയ്യുന്ന ഒരു വലിയ മനുഷ്യൻകൂടിയാണ് മമ്മൂക്ക....എത്ര എഴുതിയാലും തീരില്ല ആ വലിയ നടനെ കുറിച്ച്. എന്റെ ഈ ഒരു അനുഭവം ഞൻ മമ്മൂക്കയുടെ ആരാധകരുമായി പങ്കു വെക്കാൻ ഈ പെരുന്നാൾ ദിനത്തിൽ ഞാൻ ആഗ്രഹിക്കുന്നു മമ്മൂക്കയ്ക്കും കുടുംബാങ്ങൾക്കും ആയുസ്സും ആരോഗ്യവും ഞൻ നേരുന്നു ... എല്ലാ ആരാധകർക്കും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു....

by അജിത് കൊല്ലം (actor)

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News