ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയായി ദീപികയെത്തുന്നു

15ആം വയസ്സിലാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. ജീവിതം തിരിച്ചുപിടിച്ച ലക്ഷ്മി, ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കായി ജീവിതം മാറ്റിവെച്ചു.

Update: 2018-10-05 10:43 GMT

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ ലക്ഷ്മിയായെത്തുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

15ആം വയസ്സിലാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. നിരവധി ശസ്ത്രക്രിയകളിലൂടെ ജീവിതം തിരിച്ചുപിടിച്ച ലക്ഷ്മി, ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കായി ജീവിതം മാറ്റിവെച്ചു. അന്താരാഷ്ട്ര ധീരവനിതക്കുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി പുസ്കാരങ്ങള്‍ ലക്ഷ്മിയെ തേടിയെത്തി.

ലക്ഷ്മിയുടെ ജീവിതം ഏറെ സ്പര്‍ശിച്ചെന്ന് ദീപിക പറഞ്ഞു. അതിക്രമത്തിന്റെ കഥ എന്നതിനേക്കാള്‍ ധൈര്യത്തിന്റെയും വിജയത്തിന്റെയും പ്രതീക്ഷയുടെയും കഥയാണിതെന്നും ദീപിക പറഞ്ഞു. ചിത്രം നിര്‍മിക്കുന്നതും ദീപികയാണ്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിന് ശേഷം ദീപിക അഭിനയിക്കുന്ന ഹിന്ദി സിനിമയാണിത്. മേഘ്ന ഗുല്‍സാറാകട്ടെ റാസിക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയും.

Tags:    

Similar News