ഹിന്ദു - മുസ്‍ലിം പ്രണയം മതവികാരം വ്രണപ്പെടുത്തുന്നതെങ്ങനെ? ഹിന്ദുസേനയ്ക്ക് കോടതി പിഴ ചുമത്തി
കേദാര്‍നാഥിന്റെ പ്രദര്‍ശനം തടയണമെന്ന ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി
സുശാന്ത് സിങ് രാജ്പുതും സാറ അലിഖാനും മുഖ്യ വേഷത്തിലെത്തിയ കേദാര്‍നാഥിന്റെ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയുമായി ആഗോള ഹിന്ദുസേനയാണ് കോടതിയെ സമീപിച്ചത്. ആവശ്യം നിരസിച്ച കോടതി ഹിന്ദുസേനയ്ക്ക് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഒരു വിശുദ്ധ സ്ഥലത്ത് മുസ്‍ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയുമായുള്ള പ്രണയം ചിത്രീകരിച്ചാല്‍ അതെങ്ങനെയാണ് മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ക്ക് ഹിന്ദുത്വം എന്താണെന്ന് മനസ്സിലായിട്ടില്ല. മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയും ക്ഷമയും ഒത്തൊരുമയുമെല്ലാമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ഒരു സിനിമ നിരോധിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരമൊരു ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് ഹിന്ദുസേനയ്ക്ക് 5000 രൂപ പിഴയും കോടതി വിധിച്ചു.
നേരത്തെ ബോംബെ ഹൈക്കോടതിയും ഉത്തരാഖണ്ഡ് ഹൈക്കോടതിയും കേദാര്‍നാഥ് നിരോധിക്കണമെന്ന ആവശ്യം തള്ളിയിരുന്നു. അതേസമയം സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് വിലയിരുത്തിയ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഡെറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, അല്‍മോറ തുടങ്ങിയ ജില്ലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.