“വീട്ടിൽ വരുന്നവരോട് ചായ എടുക്കട്ടേ എന്നല്ല, കഞ്ഞി എടുക്കട്ടേ എന്നാണ് ചോദിക്കുന്നത്” ട്രോളുകളെ കുറിച്ച് മഞ്ജു വാര്യര്‍
തന്റെ ലൈഫിൽ ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫ് ആണിതെന്നും താനിത് അടിച്ചു പൊളിക്കുമെന്നും മഞ്ജു തുറന്നു പറഞ്ഞു.
ഒടിയനിലെ ഏറെ ട്രോളുകള്‍ക്കിരയായ ഡയലോഗായിരുന്നു മഞ്ജു വാര്യരുടെ ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ’ എന്ന സംഭാഷണം. ട്രോളുകളുടെ പെരുമഴയായിരുന്നു ഈ ഡയലോഗിന്. എന്നാല്‍ ഇത്തരം ട്രോളുകള്‍ താന്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്ന് മഞ്ജു പറയുന്നു. തന്റെ ലൈഫിൽ ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫ് ആണിതെന്നും താനിത് അടിച്ചു പൊളിക്കുമെന്നും മഞ്ജു തുറന്നു പറഞ്ഞു. വീട്ടിൽ വരുന്നവരോട് ചായ വേണമോ എന്നല്ല, കഞ്ഞി എടുക്കട്ടേ എന്നാണ് ഇപ്പോൾ ചോദിക്കുന്നതെന്നും മഞ്ജു ചിരിയോടെ പറഞ്ഞു. സിനിമ ഡാഡി ഫൺ ചാറ്റ് ഷോയായ എങ്കിലേ എന്നോട് പറ എന്ന പ്രോഗ്രാമിലാണ് മഞ്ജു ട്രോളുകളെക്കുറിച്ച് പ്രതികരിച്ചത്.
സോഷ്യല്‍മീഡിയയില്‍ വരുന്ന പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളില്‍ അധികം സന്തോഷിക്കാറില്ലെന്നും കളിയാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളില്‍ വിഷമിക്കാറില്ലെന്നും മഞ്ജു പറഞ്ഞു. മമ്മൂക്കയുടെ കൂടെ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. പൃഥ്വിരാജുമായി ശരിക്കുമായി സംസാരിക്കുന്നത് തന്നെ ലൂസിഫറിന്റെ സെറ്റില്‍ വച്ചാണ്. മലയാളത്തിലെ ഏറ്റവും അനുഭവ സമ്പന്നനായ സംവിധായകരെ പോലെ തന്നെയായിരുന്നു രാജുവും. അഭിനേതാക്കള്‍ക്ക് ഏറ്റവും അധികം സ്വാതന്ത്ര്യം കൊടുക്കുന്ന സംവിധായകനാണ് രാജു. നമുക്ക് ആത്മവിശ്വാസം തരുന്ന ആളാണ് രാജുവെന്നും മഞ്ജു പറഞ്ഞു.