സിനിമയില്‍ 15 വര്‍ഷം പിന്നിട്ട് ലേഡി സൂപ്പർസ്റ്റാർ
മലയാളത്തിൽ തുടങ്ങി തമിഴും തെലുഗുവും കന്നടയും കീഴടക്കി ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള നായികയായി മാറിയിരിക്കുകയാണ് നയൻതാര.
ദക്ഷിണേന്ത്യയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ നയൻതാര സിനിമാ ലോകത്തെത്തിയിട്ട് 15 വർഷം. മലയാളത്തിൽ തുടങ്ങി തമിഴും തെലുഗുവും കന്നടയും കീഴടക്കി ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള നായികയായി മാറിയിരിക്കുകയാണ് നയൻതാര.
2003ലെ ക്രിസ്മസ് ദിനത്തിൽ സത്യൻ അന്തിക്കാടിന്റെ കൈപിടിച്ചാണ് മനസിനക്കരയിലൂടെ ഡയാന മറിയം കുര്യൻ എന്ന നയൻതാര മലയാളി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. പിന്നീട് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് മുൻനിരയിലേക്ക് എത്തും മുൻപേ നയൻസ് തമിഴിലേക്ക് ചേക്കേറി. ശരത്കുമാറിന്റെ നായികയായെത്തിയ അയ്യ വൻ വിജയം നേടിയതോടെ കൈ നിറയെ ചിത്രങ്ങളായി. ഇടക്ക് മമ്മൂട്ടിയുടെ നായികയായി തസ്കര വീരനിലും രാപ്പകലിലും അഭിനയിച്ചു.
സൂര്യയുടെ ഗജിനിയിലൂടെ ഗ്ലാമർ റോളുകളിലേക്ക് നയൻതാര തിരിഞ്ഞു. ദക്ഷിണേന്ത്യ മുഴുവൻ നയൻസ് തരംഗം ആളിക്കത്തി. ശ്രീരാമരാജ്യം എന്ന പുരാണകഥ പറയുന്ന ചിത്രത്തിൽ നയൻതാര സീത വേഷം അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവും ഉയർന്നു. സീതയുടെ വേഷം നയൻതാരയെ പോലൊരു ഗ്ലാമർ നടി ചെയ്യരുത് എന്നായിരുന്നു ആവശ്യം. അഞ്ച് വർഷങ്ങൾക്ക് ശേഷം സിദ്ദിഖിന്റെ ബോഡിഗാർഡിലൂടെ നയൻതാര മലയാളത്തിലേക്ക് നായികയായി തിരിച്ചെത്തി.
ഒരു വർഷത്തെ ഇടവേള എടുത്ത് 2013ൽ തിരിച്ചെത്തിയത് പുതിയൊരു നയൻതാര ആയിരുന്നു. സൂക്ഷ്മതയോടെ സിനിമകൾ തെരഞ്ഞെടുത്തു. ഗ്ലാമർ വേഷങ്ങളോട് വിടപറഞ്ഞു. നയൻതാരക്ക് വേണ്ടി മാത്രം സിനിമകൾ പിറന്നു. തമിഴ് സിനിമാ ലോകത്തിന് പരിചയമില്ലാത്ത സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളുടെ കാലം. ഏറ്റവും ഒടുവിലെത്തിയ കോലമാവു കോകിലയും ഇമൈക്ക നൊടികളും വരെ. ഉയരങ്ങളിലേക്ക് മാത്രം കുതിക്കുകയാണ് നയൻസ്.
അജിത്തിന്റെ വിശ്വാസത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്. സിനിമയിലെത്തിയതിന്റെ 15 വർഷവും ക്രിസ്മസും കൊച്ചിയിലെ ഫ്ലാറ്റിൽ കാമുകനും സംവിധായകനുമായ വിഗ്നേശ് ശിവനൊപ്പമാണ് നയൻതാര ആഘോഷിച്ചത്.