വിവാദങ്ങള്‍ക്ക് ശമനമില്ലാതെ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍
വിമര്‍ശനങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടെ ചിത്രം നിരോധിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ചിത്രത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സോണിയ ഗാന്ധിയെയും കുടുംബത്തെയും താറടിച്ചുകാട്ടാനുള്ള ബി.ജെ.പി പ്രചാരണത്തിന്റെ ഭാഗമാണ് സിനിമയെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അവതരിപ്പിക്കുന്നത്.
വിമര്‍ശനങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടെ ചിത്രം നിരോധിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. അനുപം ഖേര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ട്രെന്‍ഡിങ്ങില്‍ മുന്‍പന്തിയിലായിരുന്ന ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് മാറ്റിയതും വന്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
പ്രധാന മന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, ദ മേക്കിംഗ് ആന്‍ഡ് അണ്‍ മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ് എന്നാണ് പുസ്തകത്തിന്റെ പേര്. ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രമായ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മന്‍ നടി സൂസന്‍ ബെര്‍നാടാണ്. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.