കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്

പുനീത് രാജ് കുമാര്‍, സുധീപ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു.

Update: 2019-01-03 13:44 GMT

കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖരെ കേന്ദ്രീകരിച്ച് വ്യാപക റെയ്ഡ്. സിനിമാതാരങ്ങളുടേയും നിര്‍മ്മാതാക്കളുടേയും വീടുകളിലും ഓഫീസുകളിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഒരേ സമയത്ത് ഇരുപത്തിയഞ്ചോളം സ്ഥലങ്ങളില്‍ പരിശോധന നടന്നു.

പുനീത് രാജ് കുമാര്‍, സുധീപ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. യുവതാരം യാഷിന്‍റെ വസതിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മരുമകന്‍ ശിവരാജ് കുമാര്‍, കോണ്‍ഗ്രസ് നേതാവ് മുനിരത്നയുടെ ബന്ധുവും നടനുമായ റോക്ലെന്‍ വെങ്കിടേഷ് തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടന്നു. സിനിമാ നിര്‍മാണ മേഖലയില്‍ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇരുനൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിശോധന മണിക്കൂറുകള്‍ നീണ്ടു.

വന്‍ തോതില്‍ പണവും സ്വര്‍ണവും കണ്ടെത്തിയെന്നാണ് വിവരം. സിനിമാ മേഖലയിലെ പ്രമുഖര്‍ക്കു പുറമേ കര്‍ണാടകയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലകളായ ശരവണ ഭവന്‍, ഹോട്ട് ബ്രഡ്, തുടങ്ങിയ ഇടങ്ങളിലും റെയ്ഡ് നടന്നു.

Tags:    

Similar News