കുമ്പളങ്ങി നൈറ്റ്സിലെ നാല്‍വര്‍ സംഘം ഇവരാണ്; ടീസര്‍ കാണാം
ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദൂരദര്‍ശന്റെ പഴയെ സിഗ്നേച്ചര്‍ ഈണത്തിന് നൃത്തം ചെയ്യുന്ന ഷെയ്ൻ നിഗവും സംഘവുമാണ് ടീസറിലുള്ളത്. രസകരമായി തന്നെയാണ് ടീസര്‍ നാല്‍വര്‍ സംഘത്തെ കാണിച്ചിട്ടുള്ളത്. ബീറ്റിൽസിന്റെ ആബി ബാൻഡിന്റെ ആൽബം കവറിനെ അനുസ്മരിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തിറക്കിയിരുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്.
ഷെയ്‍ന്‍ നിഗം, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. ഷൈജു ഖാലിദിന്റേതാണ് ക്യാമറ, സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും. ദിലീഷ് പോത്തൻ - ശ്യാം പുഷ്കരൻ ടീം ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകൾ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു.