മുംബൈ: ''യേ മുസൽമാൻ കാ ഖൂൻ, യേ ഹിന്ദു കാ ഖൂൻ... ബതാ ഇസ്മേം കൗൻസാ ഹേ?
(ഇത് മുസൽമാന്‍റെ രക്തം, ഇത് ഹിന്ദുവിന്‍റെ രക്തം... പറയൂ, ഇതിൽ ഏതാണ് ഏതെന്ന്?)'' ക്രാന്തിവീര്‍ എന്ന ചിത്രത്തിൽ ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിൽ നിന്നുകൊണ്ട് നാന പടേക്കര്‍ ചോദിക്കുന്ന ചോദ്യം ആ സിനിമയ്ക്കും ആ രംഗത്തിനും അപ്പുറത്തേക്ക് നീളുന്നതായിരുന്നു.
ക്രാന്തിവീറിലെ പ്രതാപ് എന്ന കഥാപാത്രമായി പടേക്കര്‍ നടത്തുന്ന ഈ വൈകാരിക ഡയലോഗ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തമായ രംഗങ്ങളിലൊന്നാണ് ഇത്. കൈ മുറിച്ച് ഹിന്ദുവിന്‍റെയും മുസ്‍ലിമിന്‍റെയും രക്തത്തിൽ വ്യത്യാസമില്ലെന്ന് കാണിക്കുന്ന ആ രംഗം ഒരു സ്ക്രിപ്റ്റിന്റെയും സഹായമില്ലാതെ നാനാ പടേക്കർ സ്വയം ഇംപ്രൊവൈസ് ചെയ്ത് ചെയ്തതായിരുന്നു.
മെഹുൽ കുമാറിന്‍റെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ക്രൈം ചിത്രമാണ് ക്രാന്തിവീര്‍. ചിത്രത്തിൽ സ്വാതന്ത്ര്യ സമര സേനാനിയായ ഭീഷ്മനാരായണ തിലകിന്റെ ചെറുമകനാായ പ്രതാപ് തിലക് എന്ന കഥാപാത്രത്തെയാണ് പടേക്കര്‍ അവതരിപ്പിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരമാണ് ഈ ചിത്രം പടേക്കര്‍ക്ക് നേടിക്കൊടുത്തത്. നിരൂപക പ്രശംസ മാത്രമല്ല, ബോക്ലോഫീസിലും ക്രാന്തിവീര്‍ ഹിറ്റായിരുന്നു. ചിത്രം പിന്നീട് പുണ്യ ഭൂമി നാ ദേശം എന്ന പേരിൽ തെലുഗുവിലും പരോഡി എന്ന പേരിൽ കന്നഡയിലും റീമേക്ക് ചെയ്തിരുന്നു. 2010ൽ ക്രാന്തിവീര്‍: ദി റെവല്യൂഷൻ എന്ന പേരിൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പുറത്തിറങ്ങി.
സിനിമയുടെ ഷൂട്ടിങ്ങിനിടെ, നാനയ്ക്ക് അസുഖം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷമാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്.
ഒഴുക്കോടെ സംസാരിക്കാനുള്ള പടേക്കറുടെ കഴിവ് എല്ലാ സംവിധായതകരും ഉപയോഗിച്ചിരുന്നു. പടേക്കറുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന ഒരു പ്രാസംഗികനുണ്ടെന്നാണ് പ്രശസ്ത നഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ ഒരിക്കൽ പറഞ്ഞത്. ഒരു ചട്ടക്കൂടിലും ഒതുക്കാൻ പറ്റാത്ത വിധം വ്യത്യസ്തങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ. ഒരേ സമയം ചിരിപ്പിക്കാനും ഭയപ്പെടുത്താനും തൊട്ടടുത്ത നിമിഷം സഹതാപം തോന്നിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. അതായിരുന്നു നാനയുടെ മാജിക്.
1991-ൽ സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രമായ പ്രഹാർ: ദി ഫൈനൽ അറ്റാക്ക് എന്ന ചിത്രത്തിനായി തയ്യാറെടുക്കുന്നതിനിടയിൽ നാന ടെറിട്ടോറിയൽ ആർമിയിൽ പരിശീലനം നേടി. ചിത്രത്തിൽ മേജര്‍ വി.എസ് ചവാൻ എന്ന കഥാപാത്രത്തെയാണ് പടേക്കര്‍ അവതരിപ്പിച്ചത്. 1999-ലെ കാർഗിൽ യുദ്ധകാലത്ത്, സൈന്യത്തോടൊപ്പം ചേരാൻ അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിനോട് അനുമതി തേടി. കമാൻഡോ കോഴ്‌സ് പൂർത്തിയാക്കിയിരുന്ന നാനാ, നാഷണൽ ലെവൽ റൈഫിൾ ഷൂട്ടർ എന്ന തന്റെ അനുഭവപരിചയം ഫെർണാണ്ടസിനോട് പങ്കുവെച്ചു. തുടർന്ന് ഡ്രാസ്, ലെഹ്, കുപ്‌വാര, ബാരാമുള്ള, സോപോർ തുടങ്ങിയ ഇടങ്ങളിലൂടെ സഞ്ചരിച്ച് സായുധസേനയ്ക്കൊപ്പം ഏകദേശം 60 ദിവസത്തോളം ചെലവഴിച്ച അദ്ദേഹം 'ക്വിക് റിയാക്ഷൻ ടീമിന്റെ' ഭാഗമായി മാറുകയും ചെയ്തു.
അവിടേക്ക് പോകുമ്പോൾ 76 കിലോ ആയിരുന്ന തന്റെ ഭാരം തിരിച്ചെത്തുമ്പോഴേക്കും 56 കിലോയായി കുറഞ്ഞിരുന്നതായി അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. എന്നാൽ ഈ അനുഭവത്തെക്കുറിച്ച് അദ്ദേഹം അപൂർവമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ. രാജ്യത്തിനായി തന്നാൽ കഴിയുന്ന ചെറിയൊരു കാര്യം ചെയ്തു എന്നതിനപ്പുറം അതിത്ര കൊട്ടിഘോഷിക്കാൻ എന്താണെന്നായിരുന്നു പടേക്കറുടെ നിലപാട്.