ജയറാം നായകനായി 'അബ്രഹാം ഓസ്‍ലർ'; മിഥുൻ മാനുവലിന്‍റെ സംവിധാനം, ചിത്രീകരണം ആരംഭിച്ചു

2022-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം 'മകളാ'ണ് ജയറാമിന്റെ അവസാന മലയാള ചിത്രം

Update: 2023-05-21 04:47 GMT
Editor : ijas | By : Web Desk
Advertising

ജയറാം നായകനായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന മെഡിക്കല്‍ ത്രില്ലര്‍ ചിത്രം അബ്രഹാം ഓസ്‍ലറിന്‍റെ ചിത്രീകരണം ആരംഭിച്ചു. ഇന്നലെ തൃശൂർ മിഷൻ ക്വാർട്ടേഴ്സിൽ വെച്ചാണ് ചിത്രീകരണം തുടങ്ങിയത്. ലളിതമായ ചടങ്ങിൽ നിർമാതാവ് ഇർഷാദ് എം.ഹസ്സൻ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. നെസ്‍ല ഇർഷാദ് ഫസ്റ്റ് ക്ലാപ്പ് നൽകി. ജയറാം, മിഥുൻ മാനുവൽ തോമസ് തിരക്കഥാകൃത്ത് ഡോക്ടർ രൺധീർ കൃഷ്ണൻ, ഛായാഗ്രഹകൻ തേനി ഈശ്വർ, കലാ മോഹൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. ജയറാമും സായ്കുമാറും ഒരുമിച്ചുള്ള രംഗമാണ് ആദ്യം ചിത്രീകരിച്ചത്.


ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ്‍ലറെയാണ് ജയറാം അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ നിന്ന് അൽപ്പം അകന്ന് തമിഴിലും തെലുഗിലും സജീവ സാന്നിധ്യമായി നിലകൊളളുന്ന ജയറാം അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്‍റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഡി.സി.പി അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രത്തിലൂടെ. നേരമ്പോക്കിന്‍റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു മരണത്തിന്‍റെ അന്വേഷണം ജില്ലാ പൊലീസ് കമ്മീഷണര്‍ അബ്രഹാം ഓസ്‍ലറിലൂടെ നടത്തുകയാണ് ചിത്രം. ക്രൈം ത്രില്ലറിന്‍റെ എല്ലാ ഉദ്വേഗവും നിലനിർത്തിയാണ് ചിത്രത്തിന്‍റെ അവതരണം.

അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സംഗീതം-മിഥുന്‍ മുകുന്ദ്, ഛായാഗഹണം-തേനി ഈശ്വര്‍, എഡിറ്റിങ്-സൈജു ശ്രീധര്‍, കലാസംവിധാനം-ഗോകുല്‍ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍-പ്രശാന്ത് നാരായണന്‍. തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

2022-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം 'മകളാ'ണ് ജയറാമിന്റെ അവസാന മലയാള ചിത്രം. മീരാ ജാസ്മിനായിരുന്നു ചിത്രത്തിലെ നായിക. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് ജയറാമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News