'ബംഗളൂരുവിൽ പോയി ഓപ്പറേഷൻ ചെയ്തതാണ് വിനയായത്, അവനെ ഞങ്ങൾ ഓര്‍ക്കാറേയില്ല, ഫോട്ടോ പോലും വച്ചിട്ടില്ല'; രാഘവൻ
2014ലാണ് ജിഷ്ണുവിന് ക്യാൻസര്‍ സ്ഥിരീകരിക്കുന്നത്
അച്ഛൻ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി, കമലിന്‍റെ നമ്മളിലൂടെ നായകനായി തിരിച്ചുവരവ് നടത്തിയ നടനാണ് ജിഷ്ണു രാഘവൻ. പഴയകാല നടൻ രാഘവന്‍റെ മകൻ. നമ്മളിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ജിഷ്ണുവിന് ലഭിച്ചിട്ടുണ്ട്. ക്യാൻസര്‍ ബാധിച്ച് 36-ാം വയസിലായിരുന്നു ജിഷ്ണു ഈ ലോകത്തോട് വിട പറയുന്നത്. ജിഷ്ണുവിന്‍റെ അകാലവിയോഗം മലയാളിക്കെന്നും ഒരു വേദനയാണ്.
2014ലാണ് ജിഷ്ണുവിന് ക്യാൻസര്‍ സ്ഥിരീകരിക്കുന്നത്. പിന്നീട് രോഗം ഭേദമാവുകയും 2015ൽ വീണ്ടും അര്‍ബുദം ബാധിക്കുകയുമായിരുന്നു. 2016 മാര്‍ച്ച് 25ന് കൊച്ചി അമൃത ആശുപത്രി വച്ചായിരുന്നു അന്ത്യം. രോഗം ഭേദമാക്കാൻ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും അതിനിടയിൽ ബംഗളൂരുവിൽ പോയി ഓപ്പറേഷൻ ചെയ്തതാണ് വിനയായതെന്നും രാഘവൻ പറയുന്നു. മകനെ ഓര്‍ക്കാനായി ഒരു ഫോട്ടോ പോലും വച്ചിട്ടില്ലെന്നും ഓര്‍ക്കാറില്ലെന്നും കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രാഘവൻ വ്യക്തമാക്കി.
രാഘവന്‍റെ വാക്കുകൾ
അത് അങ്ങനെയാണ് വരേണ്ടത്. ഞാൻ ഒരു കാര്യത്തെക്കുറിച്ച് ഓർത്തും വിഷമിക്കില്ല. കാരണം, നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് ഒരു ഷോക്കായിരുന്നു. കാലമെല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൻ തന്നെയാണ് കാരണം. അവൻ അതിന് നിന്നില്ല. ആരുടെയൊക്കെയോ വാക്കുകേട്ട് അവൻ ബംഗളൂരുവിൽനിന്ന് ഓപ്പറേഷൻ ചെയ്തു. ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്.
ഓപ്പറേറ്റ് ചെയ്ത് ഈ തൊണ്ട മുഴുവൻ മുഴുവൻ മുറിച്ചു കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിലൂടെ കൊടുക്കേണ്ട കാര്യം എന്തായിരുന്നു. അങ്ങിനെ ആണെങ്കിൽ മരിച്ചാൽ പോരെ. എന്തിനാണ് ഇങ്ങനെയാരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് പറഞ്ഞ് ഞാനും അവന്റെ അമ്മയും നിർബന്ധിച്ചതാണ്. പക്ഷേ, അവനും ഭാര്യയും പോയി ഓപ്പറേഷൻ ചെയ്തു. അത് അവരുടെ ഇഷ്ടം. പക്ഷേ, അതോടെ കാര്യം കഴിഞ്ഞു. ഞങ്ങൾ അനുഭവിച്ചു.
കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ലേക്‌ഷോറിലെ ഡോക്ടർമാരും ഇക്കാര്യംതന്നെ പറഞ്ഞു. പക്ഷേ, അത് കേട്ടില്ല. എല്ലാം കളഞ്ഞു കഴിഞ്ഞാൽ പിന്നെ അത് നമുക്ക് ഉണ്ടാക്കാൻ പറ്റില്ല. അവനെ ഓർക്കത്തക്ക രീതിയിൽ ഞങ്ങൾ വീട്ടിൽ ഒന്നും വെച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും. ഞങ്ങൾ അവനെ ഓർക്കാറേ ഇല്ല. പക്ഷേ, നിങ്ങൾ ഇപ്പോൾ ഓർമിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല.