'തിരക്കഥാകൃത്തിന്‍റെ മോദി വിരുദ്ധ ട്വീറ്റുകള്‍'; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ സംഘപരിവാര്‍

കേന്ദ്ര സര്‍ക്കാരിന്‍റെ സി.എ.എ നിയമം, പശു രാഷ്ട്രീയം, പശുവിന്‍റെ പേരിലുള്ള കൊലപാതകം, ഓക്സിജന്‍ ക്ഷാമം എന്നിവക്കെതിരെ രക്ഷാബന്ധന്‍ സിനിമയുടെ തിരക്കഥാകൃത്ത് കനിക രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു

Update: 2022-08-29 09:47 GMT
Editor : ijas
Advertising

ആമിര്‍ ഖാന്‍ ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനത്തിന് പിന്നാലെ തിരക്കഥാകൃത്തിന്‍റെ ബി.ജെ.പി, മോദി വിരുദ്ധ ട്വീറ്റുകളുടെ പേരില്‍ അക്ഷയ് കുമാര്‍ ചിത്രം രക്ഷാ ബന്ധനും ബഹിഷ്കരിക്കണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ട്വിറ്ററിലാണ് സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാരിന്‍റെ ഹാഷ് ടാഗ് പ്രചാരണം. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കനിക ധില്ലന്‍റെ പഴയ ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ വ്യാപക ക്യാംപെയിന്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ സി.എ.എ നിയമം, പശു രാഷ്ട്രീയം, പശുവിന്‍റെ പേരിലുള്ള കൊലപാതകം, ഓക്സിജന്‍ ക്ഷാമം എന്നിവക്കെതിരെ കനിക രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.







പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനിടയിലേക്ക് തോക്കുമായി വന്ന യുവാവിന്‍റെ വാര്‍ത്ത പങ്കുവെച്ച മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്‍റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ കനിക ആഞ്ഞടിച്ചിരുന്നു. രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തിലും മോദിയുടെ ഭരണത്തെയും രൂക്ഷമായി പരിഹസിച്ച കനികയുടെ പഴയ ട്വീറ്റുകള്‍ കുത്തിപൊക്കിയാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ ബഹിഷ്കരണാഹ്വാനം നടത്തുന്നത്.ഇതിന്‍റെയെല്ലാം സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് സിനിമക്കെതിരെ പ്രചാരണം നടക്കുന്നത്.

സഹോദരിമാരുടെ നല്ല ഭാവി ഉറപ്പാക്കാൻ ജീവിതം ത്യജിക്കാൻ തയ്യാറായ ജ്യേഷ്ഠന്‍റെ കഥയാണ് രക്ഷാ ബന്ധന്‍ പറയുന്നത്. കനികയും ഭർത്താവ് ഹിമാൻഷു ശർമ്മയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അക്ഷയ്‌ക്ക് പുറമെ ഭൂമി പെഡ്‌നേക്കർ, സഹെജ്‌മീൻ കൗർ, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News