ലൈഗറിന്‍റെ പരാജയം; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി സംവിധായകന്‍

ലൈഗർ പരാജയപ്പെട്ടതിനെത്തുടർന്ന് വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സംവിധായകൻ തയ്യാറാണെന്നും വിതരണക്കാരനായ വാറങ്കല്‍ ശ്രീനു പറഞ്ഞു

Update: 2022-09-01 07:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയുടെ ലൈഗർ ഈ വർഷത്തെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസിൽ പണം വാരാൻ പാടുപെടുകയാണ്. റിലീസിനു മുന്‍പേ ചിത്രം നിര്‍മാതാക്കള്‍ക്ക് ലാഭമുണ്ടാക്കിയെങ്കിലും വിതരണക്കാര്‍ നഷ്ടത്തിലായിരുന്നു. ഇപ്പോഴിതാ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങുകയാണ് ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാക്കളിലൊരാളുമായ സംവിധായകൻ പുരി ജഗന്നാഥന്‍.

പുരി ജഗന്നാഥ് ഹൈദരാബാദിൽ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രേക്ഷകരെ ആകർഷിക്കുന്നതിൽ ലൈഗർ പരാജയപ്പെട്ടതിനെത്തുടർന്ന് വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സംവിധായകൻ തയ്യാറാണെന്നും വിതരണക്കാരനായ വാറങ്കല്‍ ശ്രീനു പറഞ്ഞു. ആദ്യ ദിനം മുതൽ തന്നെ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലൈഗറിന് മോശം പ്രതികരണമാണ് ലഭിച്ചത്. ചിത്രം തിയറ്ററുകളിൽ ഒരാഴ്ച പിന്നിട്ടിട്ടും പോസിറ്റീവ് അഭിപ്രായങ്ങളോ ലാഭമോ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

മോശം തിരക്കഥയുടെയും ക്ലിഷേ ആഖ്യാനത്തിന്‍റെയും പേരില്‍‌ ലൈഗര്‍ വിമർശിക്കപ്പെട്ടിരുന്നു. പ്രമോഷൻ സമയത്ത് വിജയ് ദേവരകൊണ്ടയുടെ പെരുമാറ്റം മോശമായിരുന്നെന്നും അതുകൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നും പലരും ചൂണ്ടിക്കാട്ടി. അഭിനയത്തിന്‍റെ പേരില്‍ വിജയും നായിക അനന്യ പാണ്ഡെയും വിമര്‍ശനത്തിന് ഇരയായി. രമ്യ കൃഷ്ണൻ, മകരന്ദ് ദേശ്പാണ്ഡെ, റോണിത് റോയ്, ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൈക്ക് ടൈസണെ കോമാളയാക്കിയാണ് അവതരിപ്പിച്ചതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News