'കോടികളുടെ സാമ്പത്തിക തട്ടിപ്പ്'; 'ബഡേ മിയാൻ ഛോട്ടെ മിയാൻ' സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

പരാതിയിൽ ബാന്ദ്ര പൊലീസാണ് 'ബഡേ മിയാൻ ഛോട്ടെ മിയാൻ' സംവിധായകൻ അലി അബ്ബാസ് സഫർ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്

Update: 2024-12-10 04:17 GMT
Editor : Shaheer | By : Web Desk

മുംബൈ: റിലീസ് കഴിഞ്ഞ് മാസങ്ങൾക്കുശേഷം അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് ചിത്രം 'ബഡേ മിയാൻ ഛോട്ടെ മിയാൻ' വിവാദത്തിൽ. സംവിധായകൻ അലി അബ്ബാസ് സഫർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസെടുത്തു. നിർമാതാവും പൂജ എന്റർടെയിൻമെന്റ്‌സ് തലവനുമായ വഷു ഭഗ്നാനിയുടെ പരാതിയിലാണ് കേസ്. സിനിമയ്ക്കായി അമിതമായി കണക്കുണ്ടാക്കിയെന്നും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണു നിർമാതാവ് ഉയർത്തിയത്.

ഡിസംബർ എട്ടിനാണ് ഭഗ്നാനി 'ബഡേ മിയാൻ ഛോട്ടെ മിയാൻ' അണിയറ പ്രവർത്തകർക്കെതിരെ ബാന്ദ്ര പൊലീസിൽ പരാതി നൽകിയത്. അബ്ബാസിനു പുറമെ സഹനിർമാതാവ് ഹിമാൻഷു മെഹ്‌റ, സാമ്പത്തിക വിഭാഗം തലവൻ എകേഷ് രൺദിവെ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. വ്യാജ ഇൻവോയ്‌സുകൾ നിർമിച്ച് നിർമാണച്ചെലവ് കൂട്ടിക്കാണിച്ചെന്നും വ്യാജരേഖ ചമച്ചെന്നും പരാതിയിൽ പറയുന്നു. പണം വകമാറ്റി ചെലവഴിച്ചെന്നും കരാർ ലംഘനം നടത്തിയെന്നും പരാതിയുണ്ട്. നടന്മാരുടെ പ്രതിഫലത്തിനു പുറമെ 125 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് 154 കോടിയായി ഉയർന്നെന്ന് പരാതിയിൽ പറയുന്നു.

Advertising
Advertising

സംവിധായകൻ ഉൾപ്പെടെയുള്ള സംഘം ധൂർത്തടിച്ചും വകമാറ്റി ചെലവഴിച്ചുമാണ് തുക ഇത്രയും വർധിക്കാൻ കാരണമെന്ന് വഷു ഭഗ്നാനി ആരോപിക്കുന്നു. മുൻകൂട്ടി അംഗീകാരം വാങ്ങാതെ അത്യാഡംബര താമസവും അനാവശ്യമായ ചെലവുകളുമെല്ലാമായാണ് ഇത്രയും തുക വന്നത്. ഇതിനു പുറമെ അലി അബ്ബാസിന്റെ മറ്റൊരു ചിത്രമായ 'ബ്ലഡി ഡാഡി'ക്കു വേണ്ടിയും ഫണ്ട് വകമാറ്റിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

പരാതിയിൽ ബാന്ദ്ര പൊലീസാണ് 'ബഡേ മിയാൻ ഛോട്ടെ മിയാൻ' സംഘത്തിനെതിരെ കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖ ചമക്കൽ, അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണു ഇവർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഭഗ്നാനി ആരോപിച്ചിരുന്നു. തുടർന്ന് ബാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലാണ് ഇപ്പോൾ പൊലീസ് നടപടി.

Summary: Director Ali Abbas Zafar and 'Bade Miyan Chote Miyan' team booked for cheating producer Vashu Bhagnani in 154 Crore fraud case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News