സുധിയുടെ വീട്ടില്‍ വീല്‍ചെയറില്‍ പോയത് സിംപതി കിട്ടാന്‍; ക്യാമറ തല്ലിപ്പൊട്ടിച്ചു, മര്‍ദിച്ചു: ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണം

ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്

Update: 2024-03-14 06:13 GMT
Editor : Jaisy Thomas | By : Web Desk

ബിനു അടിമാലി

നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോട്ടോഗ്രാഫറായ ജിനേഷ്. ബിനു തന്നെ മര്‍ദിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തുവെന്ന് ജിനേഷ് ആരോപിക്കുന്നു. ബിനുവിന്‍റെ സോഷ്യല്‍മീഡിയ പേജ് കൈകാര്യം ചെയ്തിരുന്നത് ജിനേഷായിരുന്നു. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടേയും പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റേയും വീട്ടിൽ ബിനു അടിമാലി പോയത് സിംപതി കിട്ടാനാണെന്നും ജിനേഷ് പറയുന്നു. ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Advertising
Advertising

ജിനേഷിന്‍റെ വാക്കുകള്‍

ഞാനും ബിനു അടിമാലിയും ചേട്ടൻ-അനിയൻ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്ന് ശുശ്രൂഷിച്ചിരുന്നത് താനാണ്. കൊല്ലം സുധിയുടെ മരണശേഷം തന്റെ നെഗറ്റീവ് ഇമേജ് മാറണമെന്നും അതിനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും ബിനു അടിമാലി തന്നോട് ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായാണ് ബിനു സുധിയുടെയും മഹേഷ് കുഞ്ഞുമോന്റെയും വീട്ടില്‍ പോകുന്നത് പോലും. ആ സമയം നടക്കാൻ യാതൊരു ബുദ്ധിമുട്ടില്ലായിരുന്നിട്ടും ബിനു വീല്‍ ചെയർ ഉപയോഗിച്ചു.

മൂന്നു വർഷത്തോളം ബിനു അടിമാലിയുടെ സോഷ്യല്‍മീഡിയ ഹാൻഡില്‍ ചെയ്തത് ഞാനാണ്. അദ്ദേഹവുമായി പിണക്കമുണ്ടായപ്പോള്‍ സോഷ്യല്‍മീഡിയ അക്കൗണ്ടും പാസ്‌വേർഡും തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് താൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് ബിനു അടിമാലി പൊലീസില്‍ പരാതിപ്പെട്ടു. ബിനു അടിമാലി വാങ്ങിയ പുതിയ ഫോണില്‍ നിന്നും തെറ്റായ പാസ്‌വേർഡ് നല്‍കി പലതവണ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് പിന്നീട് മനസ്സിലായി. പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ തെറി കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് താൻ ആണെന്ന് ആരോപിച്ച്‌, ആ പേരില്‍ ഭീഷണിപ്പെടുത്തി.

ഭീഷണി വർധിച്ചതോടെ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. ആദ്യം വിളിച്ചപ്പോള്‍ ബിനു ചേട്ടൻ പോലീസ് സ്റ്റേഷനിൽ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച്‌ സംസാരിപ്പിച്ച്‌ പ്രശ്നം ഒത്തുതീർപ്പാക്കി. പിന്നീട് ബിനു അടിമാലി ഒരു ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് തന്നെ വിളിപ്പിച്ചു. തന്നെ മുറിയിലേക്ക് വലിച്ചിട്ട് മർദിച്ചു. തന്റെ ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയും തല്ലിപൊട്ടിച്ചു. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകള്‍ വന്ന് വാതില്‍ തല്ലിപ്പൊളിച്ചാണ് തന്നെ രക്ഷപ്പെടുത്തിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News