ധീയും സന്തോഷ് നാരായണനും മലയാളത്തിൽ; ടൊവിനോ ചിത്രത്തിലെ ഗാനം പുറത്ത്

മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Update: 2024-02-03 13:07 GMT

ഭാഷാഭേദമന്യേ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ചെടുത്ത ഗാനമായിരുന്നു 'എന്‍ജോയ് എന്‍ജാമി'. കൊച്ചുക്കുട്ടികള്‍ മുതല്‍ പ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത ഈ പാട്ടിലൂടെ പ്രശസ്തയായ ഗായിക ധീ ആദ്യമായി ഒരു മലയാളം സിനിമയുടെ ഭാഗമാകുന്നു. ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലെ 'വിടുതൽ' എന്ന ഗാനത്തിലൂടെയാണ് ധീയുടെ മലയാളത്തിലെ അരങ്ങേറ്റം. തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. മുഹ്സിൻ പരാരിയുടേതാണ് വരികൾ. ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Advertising
Advertising

Full View 

പോരാട്ടങ്ങളേയും ധീരതയേയും വീര്യമുള്ള മനസുകളേയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടിന്‍റെ ലിറിക്കൽ വീഡിയോ ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതാണ്. 2012-ൽ 'ആട്ടക്കത്തി' എന്ന സിനിമയിലൂടെ സിനിമാ മേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം പിസ, സൂധുകാവും, ജിഗർതണ്ട, ഇരൈവി, കബാലി, പരിയേറും പെരുമാൾ, വട ചെന്നൈ, ജിപ്സി, കർണൻ, സർപാട്ട പരമ്പരൈ, മഹാൻ, ദസര, ചിറ്റാ, ജിഗർതണ്ട ഡബിൾ എക്സ് തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. എൻജോയ് എൻജാമിക്ക് പുറമെ അടുത്തിടെ റീൽസ് ഭരിക്കുന്ന മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിച്ചു.  

ഡാർവിൻ കുര്യാക്കോസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജിനു വി. എബ്രാഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവർ പ്രധാന വേഷത്തിലെത്തും. രണ്ട് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News