'ആരാധനാ ജീവനാഥാ....'; പത്താം വളവിലെ പെരുന്നാൾ ഗാനം പുറത്തിറങ്ങി

നൈറ്റ് ഡ്രൈവ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്

Update: 2022-04-17 03:30 GMT
Editor : ijas

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ പത്താം വളവിലെ 'ആരാധനാ ജീവനാഥാ' എന്ന പെരുന്നാൾ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും മെറിനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്. എം. പദ്മകുമാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്താം വളവ് മെയ് 13ന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്‍റെ ട്രെയ്‍ലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയിലറിലെ ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം സിനിമാപ്രേമികൾക്കിടയിൽ ചര്‍ച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് പത്താം വളവ്.

Advertising
Advertising
Full View

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്. യു.ജി.എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെ പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം.എം.എസ്.

നൈറ്റ് ഡ്രൈവ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്‍റെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണിത്. രതീഷ് റാം ആണ് ഛായാഗ്രഹണം. എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍-നോബിള്‍ ജേക്കബ്, കോസ്റ്റ്യൂം ഡിസൈനര്‍- ഐഷ ഷഫീര്‍, ആര്‍ട്ട്-രാജീവ് കോവിലകം, മേക്കപ്പ്-ജിതേഷ് പൊയ്യ, പി.ആര്‍.ഓ-ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News