റീ റിലീസിൽ 100 കോടി തൂക്കുമോ? 'ബാഹുബലി ദ എപിക്' ഒക്ടോ.31ന് തിയറ്ററുകളിലേക്ക്
ആദ്യഭാഗം പുറത്തിറങ്ങിയതിന്‍റെ പത്താം വാര്‍ഷികത്തിലാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തിക്കാൻ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്
ഹൈദരാബാദ്: എസ്.എസ് രാജമൗലി-പ്രഭാസ് കൂട്ടുകെട്ടിൽ തിയറ്ററുകളിൽ വിസ്മയം സൃഷ്ടിച്ച ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്. ബാഹുബലി ദി ബിഗിനിങ് എന്ന ആദ്യഭാഗവും ബാഹുബലി 2 ദി കൺക്ലൂഷനും ചേര്‍ത്ത് ഒറ്റ ചിത്രമായി 'ബാഹുബലി ദ എപിക്' എന്ന പേരിൽ തിയറ്ററുകളിലെത്തുന്നത്.
മൂന്ന് മണിക്കൂർ 45 മിനിറ്റ് ആണ് പുതിയ പതിപ്പിന്‍റെ ദൈർഘ്യം. റീസ്റ്റോർ ചെയ്‌ത ദൃശ്യവും ശബ്ദവും ഒപ്പം ചില വ്യത്യാസങ്ങളും ചിത്രത്തിൽ ഉണ്ടാവും. ഒപ്പം നേരത്തെ ഡിലീറ്റ് ചെയ്ത ഭാഗങ്ങളും പുതിയ പതിപ്പിലുണ്ടാകും. IMAX, 4DX, D-Box, Dolby Cinema, EPIQ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രീമിയം ഫോർമാറ്റുകളിൽ ഒക്ടോബർ 31നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇത് തെലുഗ്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.സെഞ്ച്വറി കൊച്ചുമോന്‍റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി -ദി എപ്പിക്' കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ബോക്സ് ഓഫീസിൽ റീ-റിലീസ് ചെയ്ത സിനിമകൾക്ക് വളരെ പ്രതീക്ഷ നൽകുന്ന തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 120 ലധികം ഷോകളിൽ നിന്ന് പ്രീമിയർ സ്ക്രീനിങ്ങിനായി 130,000 യുഎസ് ഡോളറിലധികം (1.14 കോടി രൂപ) നേടിയിട്ടുണ്ട്. ഇതുവരെ ഏകദേശം 6400 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. ഒക്ടോബർ 29 ന് പ്രീമിയർ ചെയ്യുന്നതോടെ ഇതും മറികടക്കും.
ആദ്യഭാഗം പുറത്തിറങ്ങിയതിന്‍റെ പത്താം വാര്‍ഷികത്തിലാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തിക്കാൻ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 2015-ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ പുറത്തിറങ്ങിയത്.
രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദി കണ്‍ക്ലൂഷ’നും ബോക്‌സ് ഓഫീസില്‍ വലിയ തരംഗം തീര്‍ത്തു. ഈ വര്‍ഷം ജൂലൈയിലായിരുന്നു ആദ്യ ഭാഗത്തിന്‍റെ റിലീസ് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയത്. ബാഹുബലി എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തിയത് പ്രഭാസായിരുന്നു. അച്ഛന്‍ അമരേന്ദ്ര ബാഹുബലിയായും മകന്‍ മഹേന്ദ്ര ബാഹുബലിയായും പ്രഭാസ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. സത്യരാജ്, റാണാ ദഗ്ഗുബതി, അനുഷ്ക, തമന്ന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയില്‍ മാത്രം 6500 സ്ക്രീനിലും ലോകമെമ്പാടുമായി 9000 സ്ക്രീനിലുമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്.