'വിശ്വസിച്ചാലും ഇല്ലെങ്കിലും, ആ മീം ആയിരുന്നു ശരിക്കും റഫറന്‍സ്'; വൈറല്‍ മീമില്‍ കല്യാണി

തല്ലുമാലയുടെ പ്രചാരണ അഭിമുഖങ്ങള്‍ക്കായി കല്യാണി അണിഞ്ഞ വസ്ത്രങ്ങളും ലുക്കും നേരത്തെ ട്രോളുകള്‍ക്ക് ഇരയായിരുന്നു

Update: 2022-09-18 15:28 GMT
Editor : ijas

2019ലെ ഐ.സി.സി ലോകകപ്പിലെ പ്രശസ്തമായ സ്റ്റേഡിയം രംഗം പിന്നീട് വൈറലായ ഒരു മീം ആയി മാറുന്നതില്‍ പര്യവസാനിച്ചിരുന്നു. പാക് ക്രിക്കറ്റര്‍ ആസിഫ് അലി ആസ്ട്രേലിയന്‍ താരത്തിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയ ഉടനെ പാക് ആരാധകനായ സറിം അക്തര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ നിരാശ നിറഞ്ഞ 'പോസ്' പിന്നീട് ഇത്തരം അവസരങ്ങളിലെല്ലാം സോഷ്യല്‍ മീഡിയ എടുത്ത് ഉയര്‍ത്തി. ഇത് പിന്നീട് വൈറല്‍ മീം ആയി മാറുകയായിരുന്നു. അടുത്തിടെ തിയറ്ററുകളെ നിറച്ച തല്ലുമാലയിലെ നായിക കല്യാണി പ്രിയദര്‍ശന്‍റെ സമാന പോസിലുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.

Advertising
Advertising

ടോവിനോ അവതരിപ്പിച്ച മണവാളന്‍ വസീമിന്‍റെ കല്യാണത്തിന്‍റെ അന്ന് നടക്കുന്ന തല്ലിനിടയില്‍ നിര്‍വികാര-നിരാശാ ഭാവത്തില്‍ നില്‍ക്കുന്ന വ്ളോഗര്‍ ബീപ്പാത്തുവാണ് പുതിയ മീമിന്‍റെ രൂപത്തില്‍ ഇന്‍റര്‍നെറ്റില്‍ നിറഞ്ഞോടുന്നത്. ചിത്രം വൈറലായതിന് പിന്നാലെ കല്യാണിയെ ടാഗ് ചെയ്ത് മീം ട്വിറ്ററിലും പ്രചരിച്ചു. ഇതിന് കല്യാണി നല്‍കിയ മറുപടിയും രസകരമാണ്.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന അതേ മീം ആണ് തിരക്കഥാകൃത്തായ മുഹ്സിന്‍ പരാരിയും സംവിധായകനായ ഖാലിദ് റഹ്‍മാനും ഷോട്ടിന് തൊട്ടുമുന്‍പായി റഫറന്‍സായി മുന്നില്‍ വെച്ചതെന്ന് കല്യാണി പറഞ്ഞു. ഒരു മീം കണ്ടിട്ട് ഇത്രയും സന്തോഷത്തോടെയിരുന്ന അനുഭവം മുന്‍പുണ്ടായിട്ടില്ലെന്നും കല്യാണി മനസ്സുതുറന്നു.

തല്ലുമാലയുടെ പ്രചാരണ അഭിമുഖങ്ങള്‍ക്കായി കല്യാണി അണിഞ്ഞ വസ്ത്രങ്ങളും ലുക്കും നേരത്തെ ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഓഗസ്റ്റ് 25ന് റിലീസ് ചെയ്ത തല്ലുമാല ഇതിനോടകം 70 കോടിക്ക് മുകളില്‍ ബിസിനസ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തില്‍ വ്ളോഗര്‍ ബീപ്പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ലുഖ്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, അദ്രി ജോയ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സെപ്റ്റംബര്‍ 11ന് ശേഷം തല്ലുമാല നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം തുടരുകയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News