ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും വീണ്ടും; 'ഹണ്ട്' ഒരുങ്ങുന്നു

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന

Update: 2022-12-04 09:52 GMT
Editor : ijas | By : Web Desk
Advertising

ക്രൈം ത്രില്ലര്‍ ചിത്രം ചിന്താമണി കൊലക്കേസിന് ശേഷം നടി ഭാവനയും സംവിധായകന്‍ ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു. 'ഹണ്ട്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കും. പാലക്കാടായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. അതിഥി രവി, ചന്ദുനാഥ്, രഞ്ജി പണിക്കർ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നവാഗതനായ നിഖിൽ ആനന്ദാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്.

2016ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസാണ് ഇരുവരും ഒന്നിച്ചഭനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ 'ചിന്താമണി' എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ഭാവന ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രമാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീന്‍ ആണ്. ബോണ്‍ഹോമി എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാപ്പ', മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന 'എലോണ്‍' എന്നിവയാണ് ഷാജി കൈലാസിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. 'കാപ്പ' ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് എത്തും. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് കാപ്പ.'എലോണ്‍' സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. സിനിമ ഒ.ടി.ടി വഴിയാകും റിലീസെന്ന് സംവിധായകന്‍ ഷാജി കൈലാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News