ഇതെഴുതുമ്പോള്‍ അല്‍പം കണ്ണ് നനയുന്നുണ്ട്; സബാഷ് ചന്ദ്രബോസിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ബിബിന്‍ ജോര്‍ജ്

വിഷ്ണുവിന്‍റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്‍റെ യതീന്ദ്രനും അഭിലാഷേട്ടന്‍റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേർന്ന് ഒരു നെടുമങ്ങാടൻ ഗ്രാമത്തിലായിരുന്നു കുറേ നേരം

Update: 2022-08-09 04:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്‍റണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സബാഷ് ചന്ദ്രബോസ്'. മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. 36 വര്‍ഷങ്ങള്‍ക്കു മുന്‍പ് പലരും ജീവിച്ച ആ പഴയ കാലത്തെ അതേപടി പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ചിത്രത്തില്‍. സിനിമാരംഗത്തു നിന്നും നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജും സബാഷ് ചന്ദ്രബോസിനെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തിയറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണെന്ന് ബിബിന്‍ കുറിച്ചു.

ബിബിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഇത് എഴുതാൻ തുടങ്ങുമ്പോൾ അല്‍പം കണ്ണ് നനയുന്നുണ്ട് എനിക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിക്കല്‍ കൂടി കണ്ടു. വിഷ്ണുവിന്‍റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്‍റെ യതീന്ദ്രനും അഭിലാഷേട്ടന്‍റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേർന്ന് ഒരു നെടുമങ്ങാടൻ ഗ്രാമത്തിലായിരുന്നു കുറേ നേരം. തിയറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്. തിയറ്ററിലെ കൂട്ടച്ചിരിയും ഒടുവിൽ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പഴയ കാലം ഓർത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങൾ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂർവ്വ കാലം ഓർത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാൻ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിക്കുമ്പോള്‍ കണ്ണ് നിറയാതിരിക്കുന്നതെങ്ങനെ ? ആ സൈക്കിളിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.

വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകൾ. എന്തുകൊണ്ടായിരിക്കും അത് ? ആലോചിച്ചപ്പോൾ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലർപ്പിലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങൾ. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ചന്ദ്രബോസിന്‍റെ കാൾ വരികയാണ്. അഭിനന്ദനങ്ങൾ ഷെയർ ചെയ്യാനാണ്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News