'പാര്‍ട്ടികൾക്ക് പോകുമ്പോൾ ഒരു മൂലക്ക് നിൽക്കുമായിരുന്നു, കരിയറിലെ മോശം സമയത്ത് അത്രയേറെ അപകര്‍ഷതയായിരുന്നു': ബോബി ഡിയോൾ

എന്തുകൊണ്ടാണ് നീ നിന്നെ കുറിച്ച് ഇത്ര ചെറുതായി ചിന്തിക്കുന്നത്? എന്‍റെ ഭാര്യ എന്നോട് ചോദിക്കുമായിരുന്നു

Update: 2025-09-27 05:36 GMT
Editor : Jaisy Thomas | By : Web Desk
ബോബി ഡിയോൾ -Photo|Instagram

മുംബൈ: 90കളിൽ ബോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ബോബി ഡിയോൾ. ഗുപ്ത്, സോൾജ്യര്‍, ബിച്ചു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ അന്നത്തെ യുവത്വത്തിന്‍റെ ഹരമായിരുന്ന ബോബിക്ക് 2004 ആയപ്പോഴേക്കും കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു. എന്നാൽ 2020ൽ പുറത്തിറങ്ങിയ അശ്രാം എന്ന വെബ് സീരിസിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തി. പിന്നീട് പുറത്തിറങ്ങിയ ക്ലാസ് ഓഫ് 83, ലവ് ഹോസ്റ്റൽ, അനിമൽ തുടങ്ങിയ ചിത്രങ്ങളെല്ലാം ബോളിവുഡിൽ ബോബിയുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സിനിമകൾ പരാജയപ്പെട്ടിരുന്ന കാലം തന്‍റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടമായിരുന്നുവെന്ന് ബോബി പറയുന്നു. അപകർഷത കൊണ്ട് ആളുകളെ അഭിമുഖീകരിക്കാൻ പോലും മടിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Advertising
Advertising

രാജ് ഷാമണിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ബോബി. ''എന്തുകൊണ്ടാണ് നീ നിന്നെ കുറിച്ച് ഇത്ര ചെറുതായി ചിന്തിക്കുന്നത്? എന്‍റെ ഭാര്യ എന്നോട് ചോദിക്കുമായിരുന്നു. ആ അഞ്ചോ ആറോ വര്‍ഷങ്ങളിൽ ഞാൻ എന്നെക്കുറിച്ച് ഒരിക്കലും ഉയര്‍ന്നു ചിന്തിച്ചിരുന്നില്ല. പാർട്ടികളിൽ പോലും ഞാൻ ഒരു മൂലയിൽ മാറി നിൽക്കുകയും ആളുകളുടെ ശ്രദ്ധയിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുമായിരുന്നു. ആരും എന്നോട് സംസാരിക്കാനോ എനിക്ക് ഒരു പ്രാധാന്യവും നൽകാനോ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തോന്നി. ഞാൻ പോകുമ്പോൾ, എനിക്ക് എന്തായാലും ശ്രദ്ധ ലഭിക്കില്ലായിരുന്നു) ഞാൻ അവിടെ നിൽക്കുമായിരുന്നു. ആരെങ്കിലും വന്നാൽ, ഞാൻ ഹലോ പറയും. പക്ഷേ, ആളുകൾ എപ്പോഴും തങ്ങൾ പ്രധാനമെന്ന് കരുതുന്നവരുടെ ചുറ്റും കറങ്ങുന്നത് ഞാൻ ശ്രദ്ധിക്കുമായിരുന്നു. അത് എന്നെ സാരമായി ബാധിച്ചിരുന്നു" വൈകാരികമായ ആഘാതം ഉണ്ടായിരുന്നിട്ടും തിരിച്ചടികൾ തനിക്ക് വിലമതിക്കാനാവാത്ത ജീവിതപാഠങ്ങൾ പഠിപ്പിച്ചുവെന്ന് ബോബി പറഞ്ഞു.

"പരാജയം ഒന്നും നിസ്സാരമായി കാണരുതെന്ന് എന്നെ ബോധ്യപ്പെടുത്തി. ഞാൻ വിജയിച്ചു. പിന്നീട് അത് ഇല്ലാതായി. ഞാൻ അത് വീണ്ടും എന്‍റെ തലയിൽ കയറ്റി വച്ചാൽ അത് വഴുതി വീഴും - അടുത്ത തവണ അത് കൂടുതൽ വേദനിപ്പിക്കും." ബോബി കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍താരം ധര്‍മേന്ദ്രയുടെ മകനായ ബോബി ഡിയോൾ 1995-ൽ പുറത്തിറങ്ങിയ ബർസാത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ആദ്യചിത്രത്തിലൂടെ ഫിലിംഫെയർ അവാർഡും ബോബി സ്വന്തമാക്കി. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ബാഡ്സ് ഓഫ് ബോളിവുഡ്'ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോബിയാണ്. ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന ആൽഫയാണ് പുതിയ ചിത്രം. യാഷ് രാജ് ഫിലിംസ് നിർമിച്ച ഈ ചിത്രം 2025 ഡിസംബർ 25 ന് റിലീസ് ചെയ്യും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News