ശ്രീനാഥ് ഭാസിയുടെ ആദ്യ സോളോ ഹീറോ ചിത്രം; ചട്ടമ്പി നാളെ തിയറ്ററുകളിലേക്ക്

1990കളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചട്ടമ്പിയുടെ കഥ വികസിക്കുന്നത്

Update: 2022-09-22 06:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

ശ്രീനാഥ് ഭാസി ആദ്യമായി സോളോ ഹീറോ പരിവേഷത്തിൽ എത്തുന്ന ചട്ടമ്പി വെളളിയാഴ്ച (നാളെ) തിയറ്ററുകളിലേക്ക്. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതിൽ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലെ കറിയ എന്ന നായകനെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. 1990കളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചട്ടമ്പിയുടെ കഥ വികസിക്കുന്നത്.

കൂട്ടാർ എന്ന ഗ്രാമത്തിലെ എല്ലാവരും ഭയക്കുന്ന ചട്ടമ്പിയാണ് താഴേതിൽ അവിര മകൻ സക്കറിയ എന്ന കറിയ. മുട്ടാറ്റിൽ ജോൺ എന്ന ആ നാട്ടിലെ പണക്കാരന്‍റെ വലംകയ്യാണ് കറിയ. ഒരു ഘട്ടത്തിൽ ജോണിന് പോലും കറിയ ബുദ്ധിമുട്ടായിത്തീരുന്നു. ഇതോടെ ഇരുവരും ശത്രുതയിലാകുന്നു. ഇതാണ് കഥയുടെ തുടക്കം. താൻ ഏറെ മോഹിച്ച ഒരു ജോണറും കഥാപാത്രവുമാണ് ചട്ടമ്പിയും കറിയയുമെന്ന് ശ്രീനാഥ് ഭാസി പറയുന്നു. വളറെ പരുക്കനായ ഒരു കഥാപാത്രമാണ് കറിയ, ഇത്തരം ഒരു കഥാപാത്രം എന്നും തന്‍റെ സ്വപ്നമായിരുന്നുവെന്നും ഭാസി പറഞ്ഞു. ചിത്രത്തിന്‍റെ പ്രചരണാർത്ഥം ഭാസി പാടിയ ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത് എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഷിഖ് അബുവിന്‍റെ അസോസിയേറ്റും 22 ഫിമെയിൽ കോട്ടയം, ഡാ തടിയ, ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങളുടെ രചയിതാവുമായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ഡോൺ പാലത്തറയുടെ കഥയ്ക്ക് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ കൂടിയായ അലക്‌സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്‍റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു.സിറാജ്, സന്ദീപ്, ഷനിൽ, ജെസ്‌ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ -ജിനു, പി.ആർ.ഒ -ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News