'എനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണം ഞാന്‍ തന്നെയാണ്,ആരും ഒതുക്കിയതല്ല'; ഗായിക ചിത്ര അയ്യര്‍

ആരോടും ചാന്‍സ് ചോദിച്ചില്ല. ചോദിക്കണമായിരുന്നു

Update: 2025-10-17 06:14 GMT

ചിത്ര അയ്യര്‍ Photo| Facebook

കൊച്ചി: 'ഇഷ്ടമല്ലെടാ...എനിക്കിഷ്ടമല്ലെടാ...' ഈ ഒരൊറ്റ ഗാനം മതി ചിത്ര അയ്യര്‍ എന്ന ഗായികയെ മലയാളിക്ക് ഓര്‍മിക്കാൻ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് വിരലിലെണ്ണാവുന്ന പാട്ടുകൾ കൊണ്ട് ആസ്വാദകരുടെ മനം കവര്‍ന്നിരുന്നു ചിത്ര. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ മലയാള പിന്നണി ഗാനരംഗത്ത് നിന്ന് ചിത്ര അപ്രത്യക്ഷയായി. ഇപ്പോൾ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് ഗായിക. രണ്ട് തവണ കോവിഡ് ബാധിച്ചതായും ശബ്ദത്തെ ബാധിച്ചതായും ചിത്ര വെളിപ്പെടുത്തുന്നു.

''എങ്ങും പോയിട്ടില്ല, ഇതെന്‍റെ നാടല്ലേ. സിനിമാ ഗാനങ്ങള്‍ പാടുന്നില്ലെന്നത് ശരിയാണ്. അവസരങ്ങള്‍ ലഭിക്കണ്ടേ. അതുകൊണ്ട് അഭിനയത്തിലേക്ക് കടന്നു. ഇപ്പോള്‍ വീണ്ടും സ്‌റ്റേജ് ഷോകള്‍ ചെയ്യാന്‍ തുടങ്ങി. സ്വന്തമായി ഒരു മ്യൂസിക് ബാന്‍റുണ്ട്.

Advertising
Advertising

ആരോടും ചാന്‍സ് ചോദിച്ചില്ല. ചോദിക്കണമായിരുന്നു. എനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണം ഞാന്‍ തന്നെയാണ്. അല്ലാതെ എന്നെ ഫീല്‍ഡില്‍ നിന്നും പുറത്താക്കാന്‍ ആരും പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതല്ല. അവസരങ്ങള്‍ ചോദിക്കണമായിരുന്നു. പക്ഷെ ചെയ്തില്ല. അമൃത ചാനലിലെ റിയാലിറ്റി ഷോയില്‍ ഞാനും ജയചന്ദ്രന്‍ സാറും വിധികര്‍ത്താക്കളായിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അദ്ദേഹത്തോട് ഞാന്‍ ചാന്‍സ് ചോദിച്ചിട്ടില്ലെന്നും'' താരം പറയുന്നു.

സംഗീതവും കുടുംബവും ഉത്തരവാദിത്തങ്ങളും വളര്‍ത്തു മൃഗങ്ങളും എല്ലാം കൂടിച്ചേരുന്നതാണ് എന്റെ ലോകം. പാടാനിഷ്ടമാണ്. പാചകം ചെയ്യാനും. ജീവിതത്തിലെ സകല വേഷങ്ങളും ഞാന്‍ ആസ്വദിക്കുന്നു. കഴിഞ്ഞ വര്‍ഷം അമ്മ മരിച്ചു. അതുവരെ അമ്മയെ പരിചരിക്കുന്നതായിരുന്നു ശ്രദ്ധ. അക്കാരണത്താല്‍ ഷോകള്‍ കുറഞ്ഞു. പതിയെ അവസരങ്ങളും കുറഞ്ഞു. കൊവിഡ് രണ്ട് തവണ പിടികൂടി. ശബ്ദത്തെ ബാധിച്ചു. വയ്യാതായി. സംഗീത ലോകത്തു നിന്ന് വിരമിക്കാം എന്നുവരെ തീരുമാനിച്ചു. അങ്ങനെയാണ് അഭിനയത്തിലേക്ക് കടന്നതെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ചിത്ര പറയുന്നു.

സംഗീത ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമാപിന്നണിഗാനരംഗത്തെത്തിയ കലാകാരിയാണ് ചിത്ര അയ്യർ. 1997ൽ 'കുടുംബവാർത്തകൾ' എന്ന ചിത്രത്തിൽ ബിജുനാരായണനോടൊപ്പം 'തങ്കമണി താമരയായ്' എന്ന പാട്ടിലൂടെ വെള്ളിത്തിരയിലെത്തുന്നത്.

മലയാളത്തിൽ മോഹൻ സിതാര, എം. ജയചന്ദ്രൻ, രമേഷ് നാരായണൻ, സുരേഷ് പീറ്റേഴ്സ്, ബാലഭാസ്കർ, ജാസി ഗിഫ്റ്റ്, ദീപക് ദേവ് തുടങ്ങിയ മുൻനിര സംഗീതസംവിധായകരുടെയെല്ലാം പാട്ടുകൾ പാടിയിട്ടുള്ള ചിത്ര അയ്യരെ തമിഴ് സിനിമാ പിന്നണിഗാനരംഗത്തിനു പരിചയപ്പെടുത്തിയത് എ.ആർ റഹ്മാനാണ്. 2000ൽ 'തെനാലി' എന്ന സിനിമയിലെ ഹരിഹരനോടൊപ്പം പടിയ 'അത്തിനി സിത്തിനി' എന്ന പാട്ടിലൂടെ. തുടർന്ന് തമിഴിലെ യുവൻ ശങ്കർ രാജ,വിദ്യാസാഗർ,ഭരദ്വാജ് തുടങ്ങിയവർക്കു വേണ്ടിയെല്ലാം പിന്നണി പാടിയിട്ടുണ്ട്. റഹ്മാൻ തന്നെ ചിത്ര അയ്യരെ തെലുഗു സിനിമയിലും അവതരിപ്പിച്ചു. കൂടാതെ,ഹംസലേഖ,ഗുരുകിരൺ എന്നിവരുടെ സംഗീതത്തിൽ കന്നഡസിനിമയിലും പിന്നണി പാടിയിട്ടുണ്ട് ചിത്ര അയ്യർ. AGOSH എന്ന ഇൻഡി-പോപ് ബാൻഡിന് വേണ്ടിയും പാടിയിട്ടുണ്ട്.

ചിത്ര അയ്യർ പാടിയ, സ്വപ്നക്കൂടിലെ "ഇഷ്ടമല്ലെടാ.." ക്രോണിക് ബാച്ച്ലറിലെ "ചുണ്ടത്ത് ചെത്തിപ്പൂ" തുടങ്ങിയ പാട്ടുകൾ വൻഹിറ്റുകളായിരുന്നു. സിനിമാഗാനങ്ങൾ കൂടാതെ,ഫിലിപ് വി ഫ്രാൻസിസ്,വിനോദ് രത്നം എന്നിവരുടെ സംഗീതത്തിൽ ക്രിസ്തീയഭക്തിഗാന ആൽബങ്ങളിലും പാടിയിട്ടുണ്ട്. 2010ൽ മകരമഞ്ഞ് എന്ന ചിത്രത്തിലൂടെ അഭിനേത്രിയായും തിളങ്ങി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News