എടാ വിജയാ...എന്താടാ ദാസാ; മലയാളി എക്കാലവും ആഘോഷിച്ച എവര്‍ഗ്രീൻ കൂട്ടുകെട്ട്
തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വിഹ്വലതകൾ ദാസനിലൂടെയും വിജയനിലൂടെയും മലയാളി കണ്ടു
കൊച്ചി: മലയാള സിനിമയുടെ വെള്ളിത്തിരയിൽ എത്ര കൂട്ടുകെട്ടുകൾ വന്നാലും ദാസന്‍റെയും വിജയന്‍റെയും തട്ട് എപ്പോഴും താണ് തന്നെയായിരിക്കും. എടാ..എന്ന് വിളിച്ചാൽ എന്താടാ എന്ന് വിളി കേൾക്കാൻ ഇനി വിജയനുണ്ടാകില്ല. പക്ഷെ ആ ഹിറ്റ് കൂട്ടുകെട്ട് സമ്മാനിച്ച ഓര്‍മകൾ മലയാളി ഉള്ളിടത്തോളം കാലമുണ്ടാകും.
സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ നാടോടിക്കാറ്റിലൂടെയാണ് ദാസനും വിജയനും മലയാളിയുടെ ജീവിതത്തിലേക്ക് വച്ച കണ്ണാടിയുമായി എത്തിയത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വിഹ്വലതകൾ ദാസനിലൂടെയും വിജയനിലൂടെയും മലയാളി കണ്ടു. നാട്ടിൽ ഒരു തൊഴിലുമില്ലാതെ നടക്കുന്ന രണ്ട് ചെറുപ്പക്കാര്‍, രക്ഷപ്പെടാനായി ഗൾഫിലേക്ക് പോകാനായി പദ്ധതിയിടുന്നു. ഉണ്ടായിരുന്ന പശുവിനെ വിറ്റും വെള്ളത്തിൽ ചാടിയും കടലിൽ നീന്തിയും എല്ലാം അവർ ‘ഗൾഫിലെത്തുന്നു’ എന്നാൽ പിന്നീടാണ് ഗൾഫ് ആണെന്ന് പറഞ്ഞ് പറ്റിച്ച ഗഫൂർക്ക തങ്ങളെ എത്തിച്ചത് മദിരാശിയിൽ ആണെന്ന് അവർ തിരിച്ചറിയുന്നത്. പിന്നീട് മദിരാശിയിൽ നടന്ന രസകരമായ സംഭവങ്ങളാണ് നാടോടിക്കാറ്റ് പറഞ്ഞത്.
സിനിമയിറങ്ങി 38 വര്‍ഷങ്ങൾ കഴിഞ്ഞിട്ടും ദാസനും വിജയനും പറഞ്ഞ ഓരോ ഡയലോഗുകളും മലയാളികളുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. 'എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ' ഈ ഡയലോഗ് പൂര്‍ണമായും ശ്രീനിവാസന്‍റെ സൃഷ്ടിയായിരുന്നുവെന്ന് ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് അത് അത്ര ക്ലിക്കാകുമെന്ന് കരുതിയിരുന്നില്ലെന്നും സത്യൻ പറയുന്നു.
ദാസൻ പറയുന്നതിന് കുറിക്കുകൊള്ളുന്ന മറുപടി വിജയൻ കൊടുക്കാമായിരുന്നെങ്കിലും ഉറ്റസുഹൃത്തുക്കളായിരുന്നു ഇരുവരും. ബികോം ഫസ്റ്റ് ക്ലാസുകാരനായ ദാസനും പ്രീഡിഗ്രിക്കാരനായ വിജയനും ജോലി തേടി മദിരാശിയിലൂടെ അലഞ്ഞ് ഒടുവിൽ ദാസൻ പച്ചക്കറി വിൽപനക്കാരന്‍റെ വേഷമണിയുകയാണ്. വിജയൻ സിനിമയിൽ അവസരങ്ങൾ തേടി അലയുന്നു. ജോലിയില്ലാതെ അലഞ്ഞുതിരിയുന്ന വിജയന് ചോദിക്കാതെ കൈയിലേക്ക് പൈസ വച്ചുകൊടുക്കുന്ന വിജയൻ...ഉപാധികളില്ലാത്ത സൗഹൃദത്തിന്‍റെ കഥ കൂടിയാണ് ദാസനിലൂടെയും വിജയനിലൂടെയും ശ്രീനിവാസൻ പറഞ്ഞത്.
എന്തിനും കട്ടക്ക് കൂടെ നിൽക്കുമെങ്കിലും അൽപം പാരവെപ്പും കുറച്ചു അസൂയയും നിറഞ്ഞ സുഹൃത്തുക്കളായിരുന്നു ദാസനും വിജയനും. അല്ലെങ്കിലും ഭൂരിഭാഗം സൗഹൃദങ്ങളും അങ്ങനെയാണല്ലോ...കുട്ടിക്കാലത്ത് 90's കിഡ്സിനെ ചിരിപ്പിച്ച നാടോടിക്കാറ്റ് വലുതായപ്പോൾ തമാശ കുറഞ്ഞതിന് കാരണം അന്നത്തെ ദാസനിലും വിജയനിലും ഇന്നത്തെ നമ്മളിൽ പലരെയും കാണാം എന്നതാണ് ഉത്തരം.