ഹോളിവുഡ് സമരത്തിന് പിന്തുണ: 'പ്രോജക്ട് കെ' ബ്രഹ്മാണ്ഡ ലോഞ്ചിന് ദീപിക എത്തില്ല

സമരം നയിക്കുന്ന 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റി'ൽ ദീപികയും അംഗമാണ്

Update: 2023-07-20 10:48 GMT
ദീപിക പദുകോണ്‍
Advertising

പ്രശസ്തമായ സാന്തിയാ​ഗോ കോമിക് കോണിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്ര നേട്ടത്തിനരികെയാണ് പ്രഭാസ് നായകനായെത്തുന്ന 'പ്രോജക്ട് കെ'. ദീപിക പദുകോൺ, കമലഹാസൻ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങി വമ്പൻ താരനിരയാണ് നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെയുടെ ഭാഗമാകുന്നത്. എന്നാൽ സാന്തിയാ​ഗോ കോമിക് കോണിലെ ബ്രഹ്മാണ്ഡ ലോഞ്ചിൽ പങ്കെടുക്കാൻ ദീപിക പദുകോണ്‍ എത്തില്ലെന്നാണ് റിപ്പോർട്ട്. ഹോളിവുഡിൽ ദിവസങ്ങളായി നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ദീപികയുടെ പിന്മാറ്റം. 

സമരം നയിക്കുന്ന 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റി'ൽ (SAG-AFTRA) ദീപികയും അംഗമാണ്. ടോം ക്രൂസ്, ആൻജലീന ജോളി, ജോണി ഡെപ്പ് തുടങ്ങി അഭിനയരംഗത്തെ മുൻനിരക്കാർ ഉൾപ്പെടെ 1.6 ലക്ഷത്തോളം പേർ ഉൾപ്പെടുന്ന സംഘടനയാണിത്. 

പ്രധാന ഹോളിവുഡ് നിർമാതാക്കളായ വാൾട്ട് ഡിസ്നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന 'അലയൻസ് ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സു'(AMPTP)മായി യൂണിയൻ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ജൂലായ് 13 അർധരാത്രിമുതൽ ഹോളിവുഡ് നടീനടന്മാർ അനിശ്ചിതകാലത്തേക്ക് സമരത്തിനിറങ്ങിയത്. 

ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളുടെ ഷൂട്ടിങ് സമരം കാരണം നിർത്തിവെച്ചതോടെ ആരാധകരും നിരാശയിലാണ്. കഴിഞ്ഞ 63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News