ഇത്രയും കാലം സിനിമയിൽ അഭിനയിച്ചിട്ടും ഒരു സംവിധായകനും എന്നോട് കഥ പറഞ്ഞിട്ടില്ല;മോളി കണ്ണമാലി

ജീവിതത്തിൽ ഇതുവരെ ഒരു സിനിമക്കാരോടും ഇത്ര രൂപ തന്നാലെ അഭിനയിക്കുള്ളുവെന്ന് ഞാൻ പറഞ്ഞിട്ടില്ല

Update: 2022-10-19 08:45 GMT
Advertising

കൊച്ചി: മലയാളികളുടെ പ്രിയതാരം മോളി കണ്ണമാലി ഹോളിവുഡിലേക്ക് ചുവടുമാറാൻ ഒരുങ്ങുകയാണ്. വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടാണ് മോളി പ്രക്ഷക മനസ്സിൽ ഇടം നേടിയത്. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ്, കെ.മാത്യു രചനയും സംവിധാനവും നിർവഹിക്കുന്ന 'ടുമോറോ എന്ന ചിത്രത്തിലൂടെയാണ് മോളി ഹോളിവുഡിലേക്ക് എത്തുന്നത്. തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് ഒരു സംവിധായകന്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമയുടെ കഥ മുഴുവൻ പറഞ്ഞു കേൾപ്പിക്കുന്നതെന്ന് മോളി മീഡിയവണിനോട് പറഞ്ഞു. 

"പത്തു പതിനാല് വർഷമായി ഞാൻ സിനിമ രംഗത്തേക്ക് വന്നിട്ട്, ജോയിയെ വർഷങ്ങളായി എനിക്കറിയാം. ഒരു ദിവസം വീട്ടിലേക്ക് വന്നപ്പോൾ നമുക്ക് ഒരു സിനിമ ചെയ്താലോന്ന് എന്നോട് ചോദിച്ചു. എന്റെ ഹെൽത്ത് എല്ലാം ഓക്കെയാണെന്ന് ഞാൻ അവനോട് പറഞ്ഞു. പിന്നെ അവൻ എന്നോട് ഇതിന്റെ കഥ പറയുകയായിരുന്നു. ഇത്രയും കാലം സിനിമയിൽ അഭിനയിച്ചിട്ട് ഒരു ഡയറക്ടറും എന്നോട് കഥ പറഞ്ഞിട്ടില്ല. ഇത് അവൻ എന്നോട് കഥ പറയുകയും അഭിനയിച്ച് കാണിച്ചു തരുകയും ചെയ്തു. അവൻ പറഞ്ഞ കഥയിലെ വാക്കുകൾ വളരെ മൂർച്ചയുള്ളതാണ്. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. അതിൽ അവസാനം പറഞ്ഞ വാക്കുകൾ എന്റെ ജീവിതവുമായി സാമ്യമുള്ളതായിരുന്നു. എങ്ങനെയുണ്ട് ചേച്ചി എന്ന് ചോദിച്ചപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമായി എന്ന് ഞാൻ പറഞ്ഞു. ഇത് മലയാളം പടമല്ലെന്നും വേറെ ഭാഷയിലുള്ള ചിത്രമാണെന്നും ഞാൻ ചേച്ചിയെ വേറെ ലെവലിലേക്ക് കൊണ്ടുപോകുകയാണെന്നും അപ്പോഴാണ് അവന്‍ പറയുന്നത്. ആ സിനിമയിലും എനിക്ക് ഒരു മീൻ കച്ചവടക്കാരിയുടെ വേഷമാണ്. ഷൂട്ടിങ്ങിന് ചെന്നപ്പോൾ ഞാൻ മുണ്ടും ബൗസും ആണ് ധരിച്ചത്. ജോയ് എന്നോട് ഇപ്പോൾ സ്റ്റേജിലേക്ക് വരണ്ടെന്ന് പറഞ്ഞിരുന്നു നോക്കുമ്പോൾ മന്ത്രിയൊക്കെ വന്നിട്ടുണ്ട്. ശരിക്കും വന്നത് ഏത് മന്ത്രിയാണെന്ന് എനിക്കറിയില്ല. 

സ്റ്റേജിൽ ദീപം തെളിയിക്കുന്നതിന് മുൻപ് ജോയ് കെ.മാത്യു പറഞ്ഞത് എന്നെ കുറിച്ചാണ്. ഏകദേശം 50 വർഷമായി മോളി ചേച്ചി ഈ രംഗത്തെത്തിയിട്ട്, ചവിട്ട് നാടകത്തിലൂടെയാണ് ചേച്ചിയുടെ തുടക്കമെന്നും പിന്നീട് നിരവധി ചിത്രങ്ങളിൽ ചേച്ചി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ ചേച്ചിക്ക് അവാർഡ് വാങ്ങിക്കൊടുത്തിട്ടെ ഞാൻ അടങ്ങുകയുള്ളുവെന്ന് അവൻ അവിടെ വെച്ച് പറഞ്ഞു. എന്നിട്ട് എന്നെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എനിക്ക് വല്ലാതെ നാണമായി. എല്ലാരും സ്റ്റൈലിൽ ചെത്ത് സാരിയൊക്കെ ഉടുത്താണ് വന്നത്. ഞാൻ ചട്ടയും മുണ്ടും ഉടുത്തിട്ട് സ്റ്റേജിൽ കേറി. ഇതുവരെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാത്ത ഞാൻ എന്താ ചെയ്യുകയെന്ന് അവനോട് ചോദിച്ചിരുന്നു. ഇപ്പോൾ ചേച്ചി മലയാളം പറഞ്ഞാൽ മതി. ഡബ്ബ് ചെയ്യുമ്പോളാണ് ഇംഗ്ലീഷ് വേണ്ടതെന്നും അതൊക്കെ ചേച്ചിനെകൊണ്ട് തന്നെ ഞാൻ ശരിയാക്കിയെടുക്കുമെന്നും അവൻ പറഞ്ഞു. ജീവിതത്തിൽ ഇതുവരെ ഒരു സിനിമക്കാരോടും ഇത്ര രൂപ തന്നാലെ അഭിനയിക്കുള്ളുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്റെ കഴിവുകൊണ്ടല്ല ആ എളിമ കൊണ്ടാണ് അവസരങ്ങൾ കിട്ടിയതെന്നാണ് ഞാൻ വിശ്വസിക്കുന്നത്, മോളി കണ്ണമാലി പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News