സിനിമയാക്കാൻ കഥകൾ ക്ഷണിച്ച് അൻജന വാർസ്; മികച്ച രണ്ട് കഥകൾ സിനിമയാക്കും

സിനിമയാക്കുന്ന കഥയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായും ലഭിക്കും

Update: 2024-03-19 17:24 GMT

കൊച്ചി: സിനിമയെടുക്കാൻ പറ്റിയ കഥ നിങ്ങളുടെ മനസ്സിലുണ്ടോ? നേടാം ഒരു ലക്ഷം രൂപ. വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒരുമിക്കുന്ന 'തെക്ക് വടക്ക്' സിനിമയുടെ നിർമാതാക്കളായ അൻജന ടാക്കീസും വാർസ് സ്റ്റുഡിയോസുമാണ് അടുത്ത സിനിമകൾക്ക് നല്ല കഥ തേടി ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നത്. നടന്ന സംഭവമോ മനസിലുള്ള കഥയോ രണ്ട് പുറത്തിൽ കവിയാതെ എഴുതി അയച്ചുകൊടുക്കണം. അവയിൽ നിന്ന് ചർച്ചകൾക്ക് ശേഷം വിദഗ്ധർ നിർദേശിക്കുന്ന രണ്ട് കഥകളാണ് സിനിമയാക്കുക. സിനിമയാക്കുന്ന കഥയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായും ലഭിക്കും.

2024 ഏപ്രിൽ 15നു മുൻപ് കഥാസാരം stories@anjanavars.com എന്ന ഇ- മെയിൽ വിലാസത്തിൽ അയക്കണം. ടി.ഡി രാമകൃഷ്ണൻ, എം. പദ്മകുമാർ, എസ്. ഹരീഷ്, അൻജന ഫിലിപ്പ്, വി.എ ശ്രീകുമാർ, ലാസർ ഷൈൻ, സജിൻ ബാബു തുടങ്ങിയവരുടെ ജൂറിയാണ് സിനിമയാക്കാനുള്ള കഥകൾ കണ്ടെത്തുന്നത്.

Advertising
Advertising

 

നടന്ന സംഭവങ്ങൾ, സാഹിത്യം എന്നിവയിൽ നിന്ന് അഞ്ച് സിനിമകൾ നിർമിക്കുകയെന്ന ആദ്യ ലക്ഷ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിലെ, ആദ്യ സിനിമയാണ് തെക്ക് വടക്ക്. വിനായകനും സുരാജും ഒന്നിക്കുന്ന തെക്ക് വടക്ക് രചിക്കുന്നത് ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ രചിച്ച എഴുത്തുകാരൻ എസ്. ഹരീഷാണ്. മിന്നൽ മുരളി, ആർഡിഎക്‌സ് സിനിമകളുടെ സഹനിർമാതാവായ അൻജന ഫിലിപ്പും പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറുമാണ് അൻജന- വാർസിനു പിന്നിൽ.

 

'ചിലപ്പോൾ നമുക്ക് തോന്നില്ലേ... ഈ സംഭവം സിനിമയാക്കാൻ പറ്റുന്നതാണല്ലോ എന്ന്... നടന്ന സംഭവങ്ങളോ, നമ്മൾ ആലോചിച്ച് ഉണ്ടാക്കിയതോ ആകാം ആ കഥകൾ... ചിലപ്പോഴത് എഴുതി വെച്ചിട്ടുണ്ടാകാം... എഴുതണമെന്ന് തോന്നിയിട്ടുണ്ടാകാം.. ഇപ്പോഴത് എഴുതാനുള്ള ഒരു അവസരം ഞങ്ങൾ ഒരുക്കുകയാണ്' അൻജന ഫിലിപ്പ് പറയുന്നു.

'നല്ല കഥ, എവിടെയുണ്ടെങ്കിലും കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഭാവനയെക്കാളും മികച്ചതാകാം യാഥാർത്ഥ്യം. കാമ്പുള്ള കഥകൾ കണ്ടെത്താനുള്ള പല വഴികളിൽ ഒന്നായിട്ടാണ് ഞങ്ങളിതിനെ കാണുന്നത്. കഥയുള്ള എല്ലാവർക്കും കടന്നു വരാനുള്ള അവസരമാകണം ഇതെന്ന് പ്രതീക്ഷിക്കുന്നു''- വി.എ ശ്രീകുമാർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News