"എന്റെ കുടുംബത്തെ അറിയാതെ സംസാരിക്കുന്നതാണോ ഫെമിനിസം?"; വിജയ് ദേവരകൊണ്ട വിഷയത്തിൽ തുറന്നടിച്ച് രശ്മിക, വിമർശകരോട് പറയാനുള്ളത് ഇത്!
പ്രണയം, ഫെമിനിസം, ഓൺലൈൻ അധിക്ഷേപം എന്നിവയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് രശ്മികയുടെ പ്രതികരണം
'എന്റെ കുടുംബത്തെ അറിയാതെ അതിനെക്കുറിച്ച് സംസാരിക്കുന്നതാണോ ഫെമിനിസം? അതല്ല, ഫെമിനിസത്തിന്റെ വേഷം കെട്ടിയ ബുള്ളിയിങ്ങാണത്' നടൻ വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി നടി രശ്മിക മന്ദാന. പ്രണയം, ഫെമിനിസം, ഓൺലൈൻ അധിക്ഷേപം എന്നിവയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് രശ്മികയുടെ പ്രതികരണം.
'കോഫി വിത്ത് കരൺ' സീസൺ ഒൻപതിൽ ഇരുവരും പങ്കെടുത്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്. വിവാഹത്തെക്കുറിച്ച് ഇരുവരും നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രത്യേകിച്ച് വിജയ് ദേവരകൊണ്ടയ്ക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെയും വിജയിയുടെയും ബന്ധത്തെക്കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങൾക്കും കുടുംബത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കും രശ്മിക മറുപടി നൽകിയത്.
സാധാരണയായി ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാറില്ലെന്നും മറ്റുള്ളവർക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകാമെന്നും രശ്മിക കുറിച്ചു. എന്നാൽ അഭിമുഖത്തിന് പിന്നാലെ ഉണ്ടായ പ്രതികരണങ്ങൾ അഭിപ്രായപ്രകടനത്തിനപ്പുറം ഒരാളെ ലക്ഷ്യമിട്ടുള്ള ആക്രമണമായി മാറിയെന്നാണ് തന്റെ തോന്നലെന്നും താരം വ്യക്തമാക്കി.
'എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറഞ്ഞോളൂ, എനിക്ക് അത് കൈകാര്യം ചെയ്യാനാകും. എന്നാൽ എന്റെ കുടുംബത്തെ അറിയാതെ അവരെക്കുറിച്ച് സംസാരിക്കുന്നതാണോ ഫെമിനിസം? അതല്ല, ഫെമിനിസത്തിന്റെ വേഷം കെട്ടിയ ബുള്ളിയിങ്ങാണ് അത്' എന്നായിരുന്നു രശ്മികയുടെ വാക്കുകൾ.
പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ മറ്റൊരാളെ താഴ്ത്തിക്കെട്ടുന്നതോ താൻ ശ്രേഷ്ഠനാണെന്ന് സ്ഥാപിക്കുന്നതോ അല്ല ഫെമിനിസമെന്നും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് അതിന്റെ കാതലെന്നും താരം പറഞ്ഞു.
വിവാഹക്കാര്യം ആദ്യം പറഞ്ഞത് താൻ; വിജയ് സമയം ചോദിച്ചു
'കോഫി വിത്ത് കരൺ' പരിപാടിക്കിടെ വിവാഹക്കാര്യം ആദ്യം അവതരിപ്പിച്ചത് ആരാണെന്ന് അവതാരകൻ കരൺ ജോഹർ ചോദിച്ചിരുന്നു. വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ വിജയിയോട് വിവാഹം കഴിക്കാമെന്ന് താനാണ് ആദ്യം പറഞ്ഞതെന്നായിരുന്നു രശ്മികയുടെ മറുപടി.
എന്നാൽ വിവാഹത്തിന് സമ്മതിക്കുന്നതിന് മുമ്പ് നൂറ് തവണ ചോദിക്കണമെന്നായിരുന്നു വിജയിയുടെ പ്രതികരണമെന്നാണ് ഇരുവരും പരിപാടിയിൽ പറഞ്ഞത്. പിന്നീട് ഒരു വർഷത്തോളം വിവാഹത്തെക്കുറിച്ച് സംസാരിച്ച ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും രശ്മിക വ്യക്തമാക്കി.
എന്നാൽ ഈ സംഭാഷണത്തിന്റെ യഥാർഥ അർഥം പലരും തെറ്റായി മനസ്സിലാക്കിയെന്നാണ് താരത്തിന്റെ വിശദീകരണം. വിവാഹക്കാര്യം ആദ്യം പറഞ്ഞത് ആരാണെന്നതോ എത്ര തവണ ചോദിച്ചെന്നതോ ആയിരുന്നില്ല പ്രധാനമെന്നും പരസ്പരം മനസ്സിലാക്കാനും ജീവിതത്തിലെ പ്രായോഗിക സാഹചര്യങ്ങൾ പരിഗണിച്ച് ഉറപ്പോടെ തീരുമാനമെടുക്കാനുമുള്ള സമയത്തെക്കുറിച്ചായിരുന്നു സംഭാഷണമെന്നും രശ്മിക പറഞ്ഞു.
തനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായിരുന്നുവെന്നും വിജയിക്ക് തീരുമാനമെടുക്കാൻ സമയം ആവശ്യമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇരുവരുടെയും സ്വഭാവത്തിലെ ഈ വ്യത്യാസം പ്രണയത്തെ ബാധിച്ചിട്ടില്ലെന്നും രശ്മിക വ്യക്തമാക്കി.
'എന്റെ പങ്കാളിയെക്കുറിച്ച് എനിക്ക് അറിയാം'
വിവാഹം എന്നത് മുട്ടുകുത്തി പ്രൊപ്പോസ് ചെയ്യുന്നതോ വിരലിൽ മോതിരമിടുന്നതോ മാത്രമല്ലെന്നും ഒരുമിച്ച് ജീവിതവും ഭാവിയും കെട്ടിപ്പടുക്കുന്നതാണെന്നും രശ്മിക കുറിച്ചു. വിജയിയുമായി ജീവിതം പങ്കിടാനുള്ള തീരുമാനത്തിൽ താൻ സന്തുഷ്ടയാണെന്നും അദ്ദേഹത്തോടുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്നതിൽ തെറ്റില്ലെന്നും താരം പറഞ്ഞു.
'ഞാൻ വിവാഹം കഴിക്കുന്ന വ്യക്തിയോട് പ്രണയമില്ലെങ്കിൽ പിന്നെ എന്തിനാണ് വിവാഹം കഴിക്കുന്നത്? ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന പങ്കാളിയും സുഹൃത്തും എന്റെ കുട്ടികളുടെ അച്ഛനുമാണ് അദ്ദേഹം' എന്നായിരുന്നു രശ്മികയുടെ വാക്കുകൾ.
തങ്ങൾ ഇരുവരും സ്വന്തം അധ്വാനത്തിലൂടെയും തീരുമാനങ്ങളിലൂടെയും ജീവിതം കെട്ടിപ്പടുത്തവരാണെന്നും ആരുടെ ജീവിതം പങ്കിടണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
'പ്രയാസമുള്ള സമയങ്ങളിൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നു'
തന്റെ ബന്ധത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും വിജയിയെ ഉപേക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തവരോടും രശ്മിക പ്രതികരിച്ചു. ജീവിതത്തിൽ വളരെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ സമയത്ത് ഇത്തരം ഉപദേശങ്ങൾ നൽകുന്നവർ ഒപ്പമുണ്ടായിരുന്നില്ലെന്നും വിജയിയാണ് തനിക്കൊപ്പം നിന്നതെന്നും താരം പറഞ്ഞു.
ഇപ്പോൾ താൻ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലാണെന്നും വിവാഹശേഷമുള്ള സന്തോഷം തന്റെ മുഖത്തും സിനിമകളിലും പ്രകടനങ്ങളിലും കാണാനാകുമെന്നും രശ്മിക കുറിച്ചു.
ഇന്റർനെറ്റിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന എഡിറ്റുകളെയും അടിസ്ഥാനരഹിതമായ കഥകളെയും വിശ്വസിച്ച് സ്വന്തം ജീവിതത്തെക്കുറിച്ച് താൻ പറയുന്നതിനെ അവഗണിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും താരം വ്യക്തമാക്കി. ശാരീരികമായ അസ്വസ്ഥതകളുണ്ടാകുമ്പോഴും ഉത്കണ്ഠ അനുഭവപ്പെടുമ്പോഴും തനിക്ക് പിന്തുണയും കരുതലും നൽകുന്നത് വിജയിയാണെന്നും രശ്മിക പറഞ്ഞു.
'ഞങ്ങൾ വീണ്ടും വീണ്ടും പരസ്പരം തിരഞ്ഞെടുക്കും'
തങ്ങളുടെ പ്രണയം മറ്റുള്ളവരുടെ സങ്കൽപ്പത്തിനനുസരിച്ചാകണമെന്നില്ലെന്നും അതിൽ തെറ്റില്ലെന്നും രശ്മിക വ്യക്തമാക്കി. പരസ്പരം സന്തോഷം നൽകുന്ന ഒരാളെ കണ്ടെത്താനും സ്വന്തം ജീവിതത്തെ സന്തോഷകരമാക്കാനും എല്ലാവർക്കും കഴിയട്ടെയെന്നും താരം ആശംസിച്ചു.
ഈ വർഷം ഫെബ്രുവരി 26നാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചുള്ള അഭിമുഖം സമൂഹമാധ്യമങ്ങളിൽ വിവാദമായതിനു പിന്നാലെയുള്ള രശ്മികയുടെ കുറിപ്പ് ഇപ്പോൾ വീണ്ടും പ്രണയത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഫെമിനിസത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.