"പട്ടിയെപ്പോലെ പണിയെടുത്തിട്ട് കാണണേ, കാണണേയെന്ന് പറയാൻ മടി"; സിനിമാ പ്രൊമോഷനുകൾ ബോറടിപ്പിക്കാറുണ്ടെന്ന് ഫഹദ്

"ഞാൻ ചെയ്യുന്ന ജോലി എന്റെ ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. ഐഡിയലി എന്റെ ജോലി അതുകൊണ്ട് തീരണമെന്നാണ് വിചാരിക്കുന്നത്"

Update: 2022-07-21 16:21 GMT

സിനിമാ പ്രൊമോഷനുകള്‍ ബോറടിപ്പിക്കാറുണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍. "മലയന്‍കുഞ്ഞ്" എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. പട്ടിയെ പോലെയാണ് പണിയെടുത്തിട്ട് കാണണേ കാണണേയെന്ന് പറയാന്‍ മടിയാണെന്നും ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.  

"സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ ബോറടിപ്പിക്കാറുണ്ട്. പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്. അതുകഴിഞ്ഞ് വന്ന് കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്. ഞാന്‍ ചെയ്യുന്ന ജോലി എന്റെ ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. ഐഡിയലി എന്റെ ജോലി അതുകൊണ്ട് തീരണമെന്നാണ് വിചാരിക്കുന്നത്. ആ സിനിമ ഷൂട്ട് ചെയ്തുതീരുമ്പോള്‍ അല്ലെങ്കില്‍ ആ സിനിമ റെഡിയാകുമ്പോള്‍ എന്റെ ജോലി തീര്‍ന്ന് സിനിമ എന്‍ജോയ് ചെയ്യാന്‍ പറ്റണമെന്നാണ്... അത് പറ്റാറില്ല" ഫഹദ് പറയുന്നു. 

Advertising
Advertising

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന അദ്യചിത്രം, മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം എന്നീ പ്രത്യേകതകളും മലയന്‍കുഞ്ഞിനുണ്ട്. 

രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും, മേക്കിങ് വീഡിയോകളും ചുരുങ്ങിയ സമയംകൊണ്ടുതന്നെ വന്‍തോതില്‍ ട്രെന്‍ഡിങ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News