'ഒറ്റയ്ക്ക് നിന്നാലും ശരിക്ക് വേണ്ടി നിൽക്കുക'; സൂര്യക്ക് പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍

നടന്‍ പ്രകാശ് രാജ്, സിദ്ധാര്‍ത്ഥ്, സത്യരാജ്, സംവിധായകരായ വെട്രിമാരന്‍, പാ രഞ്ജിത്ത്, ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു, സി.എസ് അമൂദന്‍ എന്നിവരാണ് സുര്യക്ക് പിന്തുണയുമായി പരസ്യമായി രംഗത്തുവന്നത്

Update: 2021-11-17 12:44 GMT
Editor : ijas
Advertising

ജയ് ഭീം ചിത്രത്തിനും നടന്‍ സൂര്യക്കുമെതിരായ വണ്ണിയാര്‍ സമുദായത്തിന്‍റെ ഭീഷണിയില്‍ തമിഴ് സിനിമാ പ്രവര്‍ത്തകരുടെ പിന്തുണ. നടന്‍മാരായ പ്രകാശ് രാജ്, സിദ്ധാര്‍ത്ഥ്, സത്യരാജ്, സംവിധായകരായ വെട്രിമാരന്‍, പാ രഞ്ജിത്ത്, ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു, സി.എസ് അമൂദന്‍ എന്നിവരാണ് സുര്യക്ക് പിന്തുണയുമായി പരസ്യമായി രംഗത്തുവന്നത്.

ശരിയായ കാര്യം ചെയ്തതിന് ആരെയും താഴ്ത്തിക്കെട്ടാൻ കഴിയില്ലെന്ന് പറഞ്ഞ വെട്രിമാരന്‍ താരപദവിയെ പുനർനിർവചിക്കുന്ന താരമാണ് സൂര്യയെന്നും പ്രശംസിച്ചു. നിലവിലെ സ്ഥിതി മാറാൻ ആഗ്രഹിക്കാത്തവരിൽ ഈ സിനിമകൾ അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണ്. ഒരു സമൂഹത്തിലെ അസമത്വങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന സിനിമകള്‍ സാമൂഹിക നീതിയിലേക്കുള്ള ആയുധങ്ങളാണ്. ഇരകളുടെ ദുരിതം ലോകത്തെ അറിയിക്കാൻ ഈ സിനിമ പുറത്തിറക്കാനുള്ള സംവിധായകൻ ടി.ജെ ജ്ഞാനവേലിന്‍റെ പ്രതിബദ്ധതയും സ്‌ക്രീനിലും പുറത്തും സാമൂഹിക അനീതിക്കെതിരെയുള്ള സൂര്യയുടെ നിരന്തര ശ്രമങ്ങളും ശരിക്കും പ്രചോദനകരമാണെന്നും വെട്രിമാരന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.


നടൻ സൂര്യയുടെ ധൈര്യവും ധീരതയും അദ്ദേഹത്തിന്‍റെ താരമൂല്യം പുതിയ തലത്തിലെത്തിക്കുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. #WeStandWithSuriya എന്ന ഹാഷ് ടാഗും പ്രകാശ് രാജ് ആവര്‍ത്തിച്ചു.


"ഞങ്ങൾ കമൽഹാസനൊപ്പം നിന്നു. വിജയ്‌ക്കൊപ്പം നിന്നു. ഞങ്ങൾ സൂര്യയ്‌ക്കൊപ്പം നിൽക്കുന്നു. അഭിപ്രായവ്യത്യാസത്തിന്‍റെയോ വ്യക്തിവൈരാഗ്യത്തിന്‍റെയോ പേരിൽ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നതോ കലാസൃഷ്ടിയുടെ പ്രദർശനത്തെ ഭീഷണിപ്പെടുത്തുന്നതോ ഭീരുത്വമാണെന്ന് വിശ്വസിക്കുന്ന ആരെയും "ഞങ്ങൾ" പ്രതിനിധീകരിക്കുന്നു." #ജയ്ഭീമിന്‍റെ നിർമ്മാതാക്കൾക്കൊപ്പമാണ് ഞാൻ നിൽക്കുന്നത്"- നടന്‍ സിദ്ധാര്‍ത്ഥ് പ്രതികരിച്ചു.

'#ജയ്ഭീം #ഞങ്ങള്‍_സൂര്യക്കൊപ്പം_നില്‍ക്കുന്നു', ഹാഷ് ടാഗുകള്‍ പങ്കുവെച്ച് പാ രഞ്ജിത്ത് പ്രതികരിച്ചു. വെട്രിമാരന്‍റെ ട്വീറ്റ് പങ്കുവെച്ച് സൂര്യക്കൊപ്പമാണെന്ന ഹാഷ് ടാഗുകള്‍ പങ്കുവെച്ചാണ് ലോകേഷ് കനകരാജ് നിലപാട് വ്യക്തമാക്കിയത്.

'ഒറ്റയ്ക്ക് നിന്നാലും ശരിക്ക് വേണ്ടി നിൽക്കുക', എന്ന് വെങ്കട്ട് പ്രഭു സൂര്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചു പ്രതികരിച്ചു.

വണ്ണിയാര്‍ സമുദായത്തെ ചിത്രത്തിൽ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാർ സംഘം നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ടി.ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സിനിമ വണ്ണിയാര്‍ സമുദായത്തിന്‍റെ യശ്ശസിന് മങ്ങലേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു. നവംബര്‍ 14ന് ഒരു സംഘം പട്ടാളി മക്കല്‍ കക്ഷി(പി.എം.കെ) പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലെ തിയറ്ററിലേക്ക് ഇരച്ചുകയറി സുര്യ സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സൂര്യയെ ആക്രമിക്കുന്നവര്‍ക്ക് പി.എം.കെ മയിലാടുദുരൈ ജില്ലാ സെക്രട്ടറി പന്നീര്‍ശെല്‍വം ഒരു ലക്ഷം സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News