ഡബിൾ മോഹനനെ പരിചയപ്പെടുത്തി പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ'യിലെ ഫസ്റ്റ്‌ലുക്ക് പുറത്ത്

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്

Update: 2022-10-23 06:19 GMT
Editor : Lissy P | By : Web Desk
Advertising

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കുന്ന പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഉർവ്വശി തിയെറ്റേഴ്‌സിന്റെ ബാനറിൽ തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണത്തെതുടർന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറിൽ സഹസംവിധായകനുമായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജി.ആർ ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ എന്നിവർ ചേർന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ത്രില്ലർ മൂവിയാണ് 'വിലായത്ത് ബുദ്ധ'. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. പ്രിയംവദയാണ് നായിക. സെപ്റ്റംബർ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിയുടെ ജന്മദിനത്തിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത് വൈറലായിരുന്നു. പൃഥ്വിരാജ് സുകുമാരൻ ഡബിൾ മോഹനൻ എന്ന കഥാപാത്രമാകുമ്പോൾ ഭാസ്‌കരൻ മാഷായി കോട്ടയം രമേഷ് എത്തുന്നു.

ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. '777 ചാർലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെൽബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ, വാർത്താപ്രചരണം: സ്നേക്ക് പ്ലാന്റ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News