നമുക്ക് ആവിഷ്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം: ഹരീഷ് പേരടി

ഉത്തര കൊറിയിസം നീണാൾ വാഴട്ടെയെന്ന പരിഹാസവുമായി ഹരീഷ് പേരടി

Update: 2023-02-13 05:49 GMT

ഹരീഷ് പേരടി

Advertising

ദാസേട്ടന്‍റെ സൈക്കിള്‍ എന്ന സിനിമയുടെ പോസ്റ്റര്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഫേസ് ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. സി.പി.എമ്മിനെയും മുഖ്യമന്ത്രിയും തുടർച്ചയായി വിമർശിക്കുന്ന ഹരീഷ് പേരടിയുടെ സിനിമയുടെ പ്രമോഷൻ എം.എ ബേബി ഏറ്റെടുത്തത് തെറ്റായി പോയെന്നാണ് സി.പി.എം അനുകൂലികള്‍ വിമര്‍ശിച്ചത്. പിന്നാലെ ഉത്തര കൊറിയിസം നീണാൾ വാഴട്ടെയെന്ന് പരിഹസിച്ച ഹരീഷ് പേരടി ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ-

"നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം. ആവിഷ്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം. അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും. അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം. അതല്ലാതെ വേറെ എവിടെയെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹൃദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ. അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും. ഉത്തര കൊറിയിസം നീണാൾ വാഴട്ടെ".

സങ്കുചിതമായ കക്ഷി രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാ സാഹിത്യ മേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാവണമെന്നായിരുന്നു എം.എ ബേബിയുടെ പ്രതികരണം. തനിക്കും പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം നിർമിക്കുന്ന സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ അത്തരം നിലപാടുകൾക്ക് അംഗീകാരം കൊടുത്തെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും എം.എ ബേബി വ്യക്തമാക്കി.

എം.എ ബേബിയുടെ കുറിപ്പ്

'ഇടതുപക്ഷവിരുദ്ധന്‍റെ' സിനിമക്ക് ഞാനെന്തിനു പ്രചാരണം നൽകുന്നു എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചില സുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്.

അതിപ്രഗൽഭരായ ആ രണ്ടു നടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന- ചലച്ചിത്രനിർമ്മാതാവായി തന്റെ ആദ്യ സംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം. 12ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നു പറഞ്ഞപ്പോൾ പ്രശ്നമില്ല- ഫേസ് ബുക്കിൽ മതി എന്നറിയിച്ചു.

ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം നിർമിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽ വന്നതോടെ അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാ സാഹിത്യ മേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News