പ്രൈവറ്റ് ജറ്റ് ട്രിപ്, മിനി കൂപ്പർ, ഡയമണ്ട് കമ്മൽ... ജാക്വിലിന് സുകേഷ് നൽകിയ പാരിതോഷികങ്ങൾ പുറത്ത്

നേരത്തെ സുകേഷും ജാക്വിലിനും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവന്നിരുന്നു

Update: 2021-12-15 08:48 GMT
Editor : abs | By : abs

200 കോടി തട്ടിപ്പു കേസിൽ ആദായ നികുതി വകുപ്പ് അറസ്റ്റു ചെയ്ത സുകേഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയത് വിലപിടിപ്പുള്ള സമ്മാനങ്ങൾ. ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് പാരിതോഷികങ്ങളെ കുറിച്ചുള്ള വിവരമുള്ളത്. മിനി കൂപ്പർ മുതൽ ഡയമണ്ട് കമ്മൽ വരെ സമ്മാനപ്പട്ടികയിലുണ്ട്.

ആഗസ്ത് 30നും ഒക്ടോബർ 20നും നടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അത്യാഡംബര ബ്രാൻഡായ ചാനൽ, ഗൂച്ചി എന്നിവയുടെ മൂന്ന് ഡിസൈനർ ബാഗുകൾ, ഗൂച്ചിയുടെ രണ്ടു ജോഡി ജിം വസ്ത്രങ്ങൾ, ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി ഡയമണ്ട് കമ്മൽ, ബഹുവർണക്കല്ലുകൾ പതിച്ച ബ്രെയ്‌സ്‌ലറ്റ്, മിനി കൂപ്പർ കാർ (ഇത് പിന്നീട് തിരിച്ചുകൊടുത്തു) എന്നിവ സുകേഷ് ജാക്വിലിന് നൽകിയിട്ടുണ്ട്. സ്വകാര്യ ജെറ്റിൽ വിനോദയാത്രയും ഇദ്ദേഹം നടിക്കായി സംഘടിപ്പിച്ചിരുന്നു.

Advertising
Advertising

ശേഖർ രത്‌നവാല എന്ന പേരിലാണ് സുകേഷ് പരിചയപ്പെടുത്തിത് എന്ന് കുറ്റപത്രം പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ സുകേഷും ജാക്വിലിനും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ചിത്രം. തങ്ങൾ തമ്മിൽ ബന്ധമില്ലെന്നും തട്ടിപ്പ് നടത്താനായി സുകേഷ് തന്റെ പേര് ഉപയോഗിക്കുകയായിരുന്നു എന്നുമായിരുന്നു നടിയുടെ വാദം. 


കേസിൽ ഇടക്കാല ജാമ്യത്തിലിരിക്കെ ഏപ്രിൽ-ജൂൺ മാസങ്ങളിൽ എടുത്തതാണ് ചിത്രം. ജാക്വിലിൻ സെൽഫിയെടുക്കുന്ന മൊബൈൽ ഫോണായ ഐഫോൺ 12 സുകേഷിന്റെ കൈവശമുണ്ടായിരുന്നതാണ്. ഇസ്രയേൽ സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ച ഈ ഫോൺ ഉപയോഗിച്ചാണ് സുകേഷ് ജയിലിൽ നിന്ന് തട്ടിപ്പ് നടത്തിയത്.

ചെന്നൈയിൽ വച്ച് നാലു തവണ ഇരുവരും കണ്ടെന്നും ഒരിക്കൽ സ്വകാര്യ ജെറ്റ് വരെ ജാക്വിലിനായി സുകേഷ് ഏർപ്പാടാക്കി എന്നുമാണ് ഇഡി പറയുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ജാക്വിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. നേരത്തെ, ഒന്നിലേറെ തവണ കേസിൽ നടിയെ ഇഡി ചോദ്യം ചെയ്തിരുന്നു. 

കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, സുകേഷിന്റെ അഭിഭാഷകൻ ആനന്ദ് മാലിക് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് വാദിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സുകേഷുമായോ പങ്കാളി  ലീനയുമായോ ഒരുതരത്തിലുമുള്ള ബന്ധവുമില്ലെന്ന് ജാക്വിലിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. കേസിലെ സാക്ഷിയെന്ന നിലയിൽ മൊഴിയെടുക്കാൻ മാത്രമാണ് നടിയെ വിളിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. ഈ വാദത്തെ ദുർബലപ്പെടുത്തുന്നതാണ് ഇരുവരും തമ്മിൽ പുറത്തുവന്ന ഫോട്ടോ.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News