ജയ് ഭീം വിവാദം: ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍

നടൻ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സംവിധായകന്‍

Update: 2021-11-22 07:09 GMT

ജയ് ഭീം സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജ്ഞാനവേല്‍. ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നടൻ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സംവിധായകന്‍ അഭ്യര്‍ഥിച്ചു.

ജയ്‌ ഭീം തങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാർ സമുദായാംഗങ്ങള്‍ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിൽ നവംബർ ഒന്നിനാണ്‌ ചിത്രം പുറത്തിറങ്ങിയത്‌. ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ അവഹേളിക്കണമെന്ന ചെറിയ ചിന്ത പോലും സിനിമയുടെ നിർമ്മാണത്തിൽ ഉണ്ടായിരുന്നില്ലെന്ന് ജ്ഞാനവേൽ പറഞ്ഞു.

Advertising
Advertising

ചിത്രത്തിലെ ഗുരുമൂര്‍ത്തി എന്ന വില്ലനായ പൊലീസുകാരന്‍ വണ്ണിയാർ സമുദായക്കാരനാണെന്ന് വരുത്തി തീർക്കാൻ സ്റ്റേഷന്‍റെ ഭിത്തിയിൽ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടർ തൂക്കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ചിത്രത്തിലെ ഒരു സീനിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടർ ഒരു സമുദായത്തെക്കുറിച്ചുള്ള പരാമർശമായി വായിക്കപ്പെടുമെന്ന് അറിയില്ലായിരുന്നെന്ന് സംവിധായകൻ പറഞ്ഞു. 1995 എന്ന വര്‍ഷത്തെ സൂചിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. ചിത്രീകരണത്തിനിടയിലോ പോസ്റ്റ്-പ്രൊഡക്ഷൻ സമയത്തോ, കുറച്ച് നിമിഷങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന കലണ്ടർ ഫൂട്ടേജ് ശ്രദ്ധയിൽ പെട്ടില്ലെന്നും സംവിധായകന്‍ വിശദീകരിക്കുന്നു. ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ നിരവധി ആളുകൾക്കായി ചിത്രം പ്രദർശിപ്പിച്ചിരുന്നു. ആ സമയത്തെങ്കിലും ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ റിലീസിന്‌ മുൻപായി മാറ്റുമായിരുന്നുവെന്നും സംവിധായകന്‍ അറിയിച്ചു.

സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ജ്ഞാനവേലിനും വണ്ണിയാർ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. വണ്ണിയാർ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീൽ നോട്ടീസയച്ചത്. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിർമാതാക്കൾ മാപ്പുപറയണമെന്നും നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ആവശ്യം.

സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് നടൻ സൂര്യയുടെ വീടിന് പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. സൂര്യയ്ക്ക് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് നേരിട്ടതിലും സംവിധായകന്‍ ക്ഷമ ചോദിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News