'രണ്ടു പേരും അറിഞ്ഞില്ല,അത് അവസാന കാഴ്ചയായിരുന്നെന്ന്,ഇത് വാപ്പിച്ചി ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്'; വീഡിയോ പങ്കുവച്ച് നവാസിന്‍റെ മക്കൾ
കല്യാണത്തിന് ലൊക്കേഷനിൽ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വർക്ക് കഴിഞ്ഞില്ല
കലാഭവൻ നവാസ്-രഹന Photo| Facebook
ആലുവ: മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസ് വിട പറഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആഗസ്ത് 1ന് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ റൂമിലെത്തിയ നവാസിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.നവാസിന്‍റെ വിയോഗം തീര്‍ത്ത തീരാവേദനയിലാണ് കുടുംബം. അതിനിടെ ജൂലൈ 31 ന് ഒരു കല്യാണച്ചടങ്ങിൽ പങ്കെടുത്ത നവാസിന്‍റെയും രഹനയുടെയും വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മക്കൾ. മരിക്കുന്നതിന് തലേ ദിവസം ലൊക്കേഷനിലെ ഇടവേളയിൽ രഹനയെ കാണാനെത്തുകയായിരുന്നു നവാസ്.
ഫേസ്ബുക്ക് കുറിപ്പ്
പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയിൽ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31, വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റൻഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്‍റെ തലേദിവസം എടുത്ത വീഡിയോ.
കല്യാണത്തിന് ലൊക്കേഷനിൽ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വർക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി.... ആ സമയത്ത് വന്നാൽ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും. "ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയിൽ ഉമ്മിച്ചിയെ കാണാൻ വാപ്പിച്ചി ഓടിയെത്തി, വാപ്പിച്ചി വളരെ ഹെൽത്തി ആയിരുന്നു. അവിടെ വെച്ചു അവർ അവസാനമായി കണ്ടു".
രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. "വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു".