പ്രഭാസിന്റെ നായികയായി ദീപിക പദുകോണ്‍; വമ്പൻ താരനിരയുമായി കല്‍ക്കി 2898 AD ,ട്രെയിലര്‍ പുറത്ത്

മലയാളി താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

Update: 2024-06-11 02:29 GMT
Editor : Lissy P | By : Web Desk

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എ.ഡി’യുടെ  ട്രെയിലര്‍ പുറത്ത്. പ്രഭാസിന്റെ 'ഭൈരവ' എന്ന വ്യത്യസ്ത വേഷത്തോടൊപ്പം വളരെ വലിയ സ്കെയിലില്‍ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക്ക് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും കല്‍ക്കി എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പംതന്നെ എല്ലാ തരം സിനിമാ പ്രേമികളെയും ആകര്‍ഷിക്കുന്ന ഒരു ചിത്രമായിരിക്കും കല്‍ക്കി എന്നാണു ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മലയാളി താരങ്ങളായ ശോഭന, അന്നാ ബെന്‍ എന്നിവരെയും ട്രെയിലറില്‍ കാണാനാകും. കല്‍ക്കിയുടെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ബുജ്ജി ആന്‍ഡ്‌ ഭൈരവ എന്ന ആമസോണ്‍ പ്രൈം വീഡിയോ ആനിമേഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

Advertising
Advertising

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.

ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News