റിലീസിന് മുമ്പ് തന്നെ നൂറ് കോടി ക്ലബ്ബില്‍ കയറി കമല്‍ ഹാസന്റെ വിക്രം; ഡിജിറ്റല്‍ സ്ട്രീം അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

തമിഴിന് പുറമെ, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Update: 2022-05-04 15:26 GMT
Advertising

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കമല്‍ ഹാസന്റെ വിക്രം. കമല്‍ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്നു. ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തുന്നു തുടങ്ങി നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്.

ഇപ്പോഴിതാ ചിത്രത്തിനെ സംബന്ധിച്ച് മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍, സാറ്റ്‌ലെറ്റ് സ്ട്രീം അവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ ഗ്രൂപ് സ്വന്തമാക്കിയിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഡിജിറ്റല്‍ സ്ട്രീമിംഗും, സ്റ്റാര്‍ ഗ്രൂപ്പിന്റെ ചാനലുകളില്‍ വിവിധ ഭാഷകളിലും സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം 125 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്.

തമിഴിന് പുറമെ, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.റിലീസിന് മുമ്പ് തന്നെ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസിന്റെയും ഓഡിയോ ലോഞ്ചിന്റെയും ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

മേയ് 15 നാണ് ചിത്രത്തിന്റെ ട്രെയ്ലറും ഓഡിയോ ലോഞ്ചും നടക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഫ്ളാഷ്ബാക്ക് കഥയ്ക്കായി നടന്‍ കമല്‍ഹാസന്‍ 30 വയസ്സുകാരനായി പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പത്ത് കോടിയിലധികം രൂപയാണ് താരത്തെ ചെറുപ്പമാക്കി കാണിക്കാന്‍ മാത്രം ചിലവായതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 3 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത്.രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പി.ആര്‍.ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.



Tags:    

Writer - Aswin Raj

contributor

Editor - അശ്വിന്‍ രാജ്

Media Person

By - Aswin Raj

contributor

Similar News