'കിച്ച സുദീപിന്റെ സിനിമകൾ നിരോധിക്കണം'; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി ജെ.ഡി.എസ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കഴിഞ്ഞ ദിവസം കിച്ച സുദീപ് പ്രഖ്യാപിച്ചിരുന്നു

Update: 2023-04-07 10:14 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികെനിൽക്കെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപിനെതിരെ ജനതാദൾ(സെക്യുലർ). കിച്ച ഭാഗമായ സിനിമകളും ടെലിവിഷൻ പരിപാടികളും സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.

ഇതേ ആവശ്യമുയര്‍ത്തി ഒരു അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്. ശിവമോഗ സ്വദേശിയായ അഡ്വ. കെ.പി ശ്രീപാൽ ആണ് കിച്ച സുദീപിന്റെ ചിത്രങ്ങളും ഷോകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വിലക്കേർപ്പെടുത്താനാണ് ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ബുധനാഴ്ച കിച്ച പ്രഖ്യാപിച്ചിരുന്നു. കിച്ച സുദീപും കന്നഡ താരമായ ദർശൻ തുഗുദീപയും ബി.ജെ.പിയിൽ ചേരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, പാർട്ടിയിൽ ചേരുകയോ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ലെന്ന് കിച്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബി.ജെ.പിയിലെ സുഹൃത്തുക്കൾക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു.

'എനിക്ക് ഇവിടെ വരേണ്ട ഒരാവശ്യവുമില്ല. പണത്തിനോ പദവിക്കോ വേണ്ടിയല്ല ഇവിടെ എത്തിയത്. ഒരു വ്യക്തിക്കു വേണ്ടി മാത്രമാണ് ഇവിടെയെത്തിയത്. മുഖ്യമന്ത്രി ബൊമ്മൈയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അതുകൊണ്ടാണ് ബൊമ്മൈയ്ക്കു പൂർണ പിന്തുണ നൽകുന്നതായി പ്രഖ്യാപിക്കുന്നത്'-കിച്ച സുദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബൊമ്മൈയെ പൂർണമായി പിന്തുണക്കുന്നുണ്ടെന്നും ഒരു പൗരനെന്ന നിലയ്ക്ക് പ്രധാനമന്ത്രി മോദിയുടെ ചില തീരുമാനങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. രാഷ്ട്രീയത്തിൽ ഇറങ്ങുകയുമില്ല. പൂർത്തിയാക്കാൻ ഒരുപാട് സിനിമകൾ ബാക്കിയുണ്ടെന്നും അതായിരിക്കും ആരാധകർക്ക് സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിച്ച സുദീപിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്നാണ് സിനിമാ താരം പ്രകാശ് രാജ് പ്രതികരിച്ചത്. കിച്ചയുടെ പ്രസ്താവന വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മെയ് പത്തിനാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13ന് ഫലപ്രഖ്യാപനം നടക്കും.

Summary: Janata Dal (Secular) wrote to the Election Commission, seeking ban on the screening of movies, shows and commercials featuring the Kannada star Kichcha Sudeep, after he declared support for BJP in the upcoming Karnataka assembly election

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News