മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം
നാല് സ്ക്രീനുകളിലായി നൂറ്റിയമ്പതിലേറെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും
മീഡിയവൺ അക്കാദമി ഷോർട്ട്ഫിലിം - ഡോക്യുമെന്‍ററി ഫെസ്റ്റിവല്‍
കോഴിക്കോട്: മീഡിയവൺ അക്കാദമി ഷോർട്ട്ഫിലിം - ഡോക്യുമെന്‍ററി ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ മീന കന്ദസാമി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. നാല് സ്ക്രീനുകളിലായി നൂറ്റിയമ്പതിലേറെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
നാല് വേദികളിലായി രാവിലെ പത്ത് മണിക്ക് മേളയിൽ പ്രദർശനങ്ങൾ ആരംഭിക്കും. ദേശീയ അവാർഡ് ജേതാവ് ഷെറി ഗോവിന്ദനും ദീപേഷും ചേർന്ന് സംവിധാനം ചെയ്ത അവനോവിലോനയാണ് ഉദ്ഘാടന ചിത്രം. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനത്തിന് പുറമെ പ്രമുഖ ഡോക്യുമെന്‍ററി സംവിധായകരായ ആനന്ദ് പട്‍വര്‍ധന്‍, ആർ.പി അമുദൻ, കെ. പി ശശി, രാകേഷ് ശർമ തുടങ്ങിയവരുടെ ഡോക്യുമെന്‍ററികളും ഇന്ന് പ്രദർശിപ്പിക്കുന്നുണ്ട്. വൈകിട്ട് അഞ്ച് മണിക്കാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം.
സംവിധായകനും ആക്ടിവിസ്റ്റുമായ ആർ. പി അമുദനാണ് മുഖ്യതിഥി. മാധ്യമം -മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ,മീഡിയവൺ സി.ഇ.ഒ റോഷൻ കക്കട്ട്,ഫെസ്റ്റിവൽ ഡയറക്ടർ മധു ജനാർദ്ദനൻ, ജൂറി ചെയർപേഴ്സൺ ഷെറി ഗോവിന്ദൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.