തിയേറ്ററുകള്‍ ഇളക്കി മറിക്കാന്‍ മമ്മൂട്ടി ചിത്രം 'ടര്‍ബോ'; ബിജിഎമ്മിന്റെ പണി തുടങ്ങി ക്രിസ്റ്റോയും ഗ്യാങ്ങും

ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്ന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

Update: 2024-04-04 09:51 GMT
Editor : ദിവ്യ വി | By : Web Desk

ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളെല്ലാം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ബ്ലോക്ക്ബസ്റ്ററടിച്ചതോടെ 2024 മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടമായ് മാറും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍. മലയാള സിനിമ മേഖലയുടെ പ്രതിഛായ മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മലയാളികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് മലയാള സിനിമ കാണാനായ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഭ്രമയുഗത്തിന്റെ വമ്പിച്ച വിജയത്തിനു പിന്നാലെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ടര്‍ബോ'. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ ഒരു ബിഗ് അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കയാണ് 'ടര്‍ബോ'യുടെ അണിയറ പ്രവര്‍ത്തകര്‍

Advertising
Advertising

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ' സിനിമയുടെ സംഗീത വിഭാഗത്തിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്ന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കണ്ടവരെല്ലാം തിയേറ്ററുകള്‍ ഇളക്കി മറിക്കുന്ന ബിജിഎം ആയിരിക്കും ഇതെന്ന് ഉറപ്പിച്ചുകഴിഞ്ഞു.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ്സ് ആക്ഷന്‍ കോമഡി ചിത്രമാണ് 'ടര്‍ബോ'. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ 'ടര്‍ബോ ജോസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും 'ടര്‍ബോ' എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്‌നാം ഫൈറ്റേര്‍സ് എത്തുക എന്നത് അപൂര്‍വമായൊരു കാഴ്ചയാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ 'പര്‍സ്യുട്ട് ക്യാമറ' 'ടര്‍ബോ'യില്‍ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതില്‍ ചിത്രീകരിക്കാം. 'ട്രാന്‍ഫോര്‍മേഴ്സ്', 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡില്‍ 'പഠാന്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പര്‍സ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News