ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും, തെരഞ്ഞെടുപ്പായാല്‍ സര്‍ക്കാര്‍ ഉടനെ സ്ത്രീസൗഹൃദമാകും: പാര്‍വതി തിരുവോത്ത്

'അവകാശത്തിനായി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടി. മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചു'

Update: 2022-03-29 08:15 GMT
Advertising

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത്. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാർവതി തിരുവോത്ത് വിമര്‍ശിച്ചു. സൂര്യ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

"ആ പാറ്റേണ്‍ ശ്രദ്ധിച്ചോ? കമ്മിറ്റിക്ക് ശേഷം കമ്മിറ്റി. പിന്നെ അഞ്ചു വര്‍ഷത്തിനു ശേഷം ആ കമ്മറ്റി പഠിച്ചത് പഠിക്കാന്‍ വേറൊരു കമ്മിറ്റി. തെരഞ്ഞെടുപ്പ് കാലം വന്നാല്‍ ഉടനെ റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് എനിക്ക് തോന്നുന്നത്. തെരഞ്ഞെടുപ്പായാല്‍ ഉടനെ സര്‍ക്കാര്‍ സ്ത്രീസൌഹൃദമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ നമ്മള്‍ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴും"- പാര്‍വതി പറഞ്ഞു.

മഹാരാഷ്ട്രയിലെ സിനിമാ മേഖലയില്‍ മീ ടൂ വെളിപ്പെടുത്തലുണ്ടായപ്പോള്‍ 30 ദിവസത്തിനകം എല്ലാ പ്രൊഡക്ഷന്‍ ഹൌസുകളിലും ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മറ്റി നിലവില്‍ വന്നു. ഇവിടെ ആവശ്യപ്പെട്ടിട്ടും ഒന്നും സംഭവിക്കാത്തതുകൊണ്ട് ഞങ്ങള്‍ കോടതിയെ സമീപിച്ചു. അവിടെ 30 ദിവസം കൊണ്ട് നടന്നത് ഇവിടെ രണ്ടര വര്‍ഷത്തിനു ശേഷമാണ് സംഭവിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.

ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. അവകാശത്തിനായി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടി. മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചു. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാൻ വയ്യാത്തത് കൊണ്ടാണ് പൊരുതാന്‍ തീരുമാനിച്ചതെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. കഴിഞ്ഞ മാർച്ച് 17നാണ് സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. വിമന്‍ ഇന്‍ സിനിമാ കലക്ടീവ് നല്‍കിയ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടാനാകില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്. സ്ത്രീകളുടെ വ്യക്തിപരമായ വിവരങ്ങളും ദുരനുഭവങ്ങളും ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ല എന്നാണ് മന്ത്രി പറഞ്ഞത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ നിയമനിര്‍മാണമുണ്ടാകുമെന്നും അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Full View

Summary- Many idols will break if Hema committee report comes out, says actress Parvathy Thiruvothu

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News