"അഭിനേത്രിയാണെങ്കിലും അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, ഇത്തരത്തിൽ വാർത്തകളെഴുതരുത്": വൈറലായി മീനയുടെ മകളുടെ വീഡിയോ

നൈനികയുടെ വാക്കുകൾ വേദിയിലുണ്ടായിരുന്ന രജനീകാന്തിനെയടക്കം വികാരനിർഭരനാക്കിയെന്നാണ് റിപ്പോർട്ടുകൾ

Update: 2023-04-22 14:00 GMT
Advertising

സിനിമയിൽ നാല്പ്പത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് നടി മീന. തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിലെ സ്ഥിരസാന്നിധ്യമായ മീന നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട താരമാണ്.

ഇപ്പോഴിതാ മീനയ്‌ക്കെതിരെ പ്രചരിച്ച വ്യാജ വാർത്തകളോട് മകൾ നൈനികയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയെക്കുറിച്ച് മോശം വാർത്തകൾ എഴുതരുതെന്നാണ് നൈനിക വീഡിയോയിൽ പറയുന്നത്. അഭിനേത്രിയാണെങ്കിലും അമ്മയും ഒരു മനുഷ്യസ്ത്രീയാണെന്നും അമ്മയ്ക്കും ഒരു ജീവിതമുണ്ടെന്നും നൈനിക പറയുന്നു. സഹപ്രവർത്തകർക്കായി മീന സംഘടിപ്പിച്ച ഒരു ഗെറ്റ്-ടുഗതറിലാണ് അപ്രതീക്ഷിതമായി നൈനികയുടെ വീഡിയോ എത്തിയത്.

"അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓർത്ത് ഞാൻ വളരെയേറെ അഭിമാനിക്കുന്നുണ്ട്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അതിനിടയിലാണ് വ്യാജ വാർത്തകൾ എത്തുന്നത്. എനിക്കു വേണ്ടിയെങ്കിലും ഇത്തരം വാർത്തകൾ എഴുതുന്നത് നിർത്തണമെന്ന് അപേക്ഷിക്കുകയാണ്. അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, അവർക്കും വികാരങ്ങളുണ്ട്". നൈനിക പറയുന്നു.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ. ഇതിനെത്തുടർന്ന് നിരവധി പ്രചരണങ്ങളാണ് മീനയ്‌ക്കെതിരെ ഉയർന്നത്. നടൻ ധനുഷുമായി മീനയുടെ വിവാഹമാണെന്നതടക്കമുള്ള വാർത്തകൾ നിരവധി ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മീന ഗർഭിണിയാണെന്ന തരത്തിലും പ്രചരണങ്ങളുണ്ടായി. ഇതിനെതിരെ മീന രംഗത്ത് വരികയും ചെയ്തു.

ഭർത്താവിന്റെ വിയോഗത്തോട് തനിക്കിനിയും യോജിക്കാനായിട്ടില്ലെന്നും ഇത്തരം കിംവദന്തികൾ പരത്തുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു മീനയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ നൈനയുടെ വീഡിയോയുമെത്തിയിരിക്കുന്നത്. നൈനികയുടെ വാക്കുകൾ വേദിയിലുണ്ടായിരുന്ന രജനീകാന്തിനെയടക്കം വികാരനിർഭരനാക്കിയെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News