ആറ് വര്‍ഷം മുമ്പ് ചലച്ചിത്ര മേളയില്‍ കണ്ടുമുട്ടി; ഇന്ന് അതേ വേദിയില്‍ മിന്നുകെട്ടി ചിത്രം, പാമ്പള്ളിക്ക് ഐ.എഫ്.എഫ്.കെ സ്പെഷ്യലാണ്

2018ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വ്യക്തിയാണ് പാമ്പള്ളി

Update: 2022-12-11 14:41 GMT
Editor : ijas | By : Web Desk
Advertising

ആറ് വര്‍ഷം മുമ്പുള്ള ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വെച്ച് അപ്രതീക്ഷിതമായാണ് സംവിധായകനായ പാമ്പള്ളി സന്ദീപ് കുമാര്‍, കൂട്ടുകാരി സുരഭിയെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഇന്ന് അതേ വേദിയില്‍ പഴയ കൂട്ടുകാരിയെ മിന്നുകെട്ടി ഫോട്ടോക്കായി ഒരുമിച്ചുനിന്നപ്പോള്‍ അതൊരു ഫീല്‍ ഗുഡ് ചിത്രത്തിലെ അവസാന രംഗം പോലെയായി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ വധൂവരന്മാരെ സ്വീകരിച്ചു. ടാഗോർ തിയറ്ററിൽ 'ലോർഡ് ഓഫ് ദി ആന്‍റ്സ്' എന്ന ഇറ്റാ‌ലിയൻ സിനിമ കണ്ടുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ജീവിതയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.

പത്തിരുപത് വര്‍ഷത്തെ ജീവിതത്തില്‍ കേരള രാജ്യാന്തര ചലച്ചിത്ര മേള വലിയ സ്വാധീനം ചെലുത്തിയതായി പാമ്പള്ളി പറയുന്നു. 18 വർഷം തുടർച്ചയായി കേരള രാജ്യാന്തര ചലച്ചിത്ര മേള കണ്ടാൽ 'സിനിമയുടെ ഗുരുസ്വാമിയായി ഇനി തെങ്ങുവയ്ക്കാം' എന്നൊരു ചൊല്ലുണ്ട് ചലച്ചിത്രപ്രേമികൾക്കിടയിൽ. ആ അർത്ഥത്തിൽ ഞാനുമൊരു ഗുരുസ്വാമിയാണ്,'-പാമ്പള്ളി പറഞ്ഞു.

Full View

'ആറു വർഷം മുൻപ് ഇതുപോലൊരു ഐ.എഫ്.എഫ്.കെ കാലത്ത് ടാഗോർ തിയേറ്ററിൽ വച്ചാണ് ഞാൻ സുരഭിയെ കണ്ടുമുട്ടുന്നത്. ഐ.എഫ്.എഫ്.കെയുടെ ഇടയിൽ സാധാരണയായി ഒരു ഞായറാഴ്ചയെ വരാറുള്ളൂ. അതുമൊരു ഞായറാഴ്ചയായിരുന്നു. സിനിമാസ്വാദകരായ രണ്ടുപേർ തമ്മിൽ സ്വാഭാവികമായും സംഭവിക്കുന്ന ഒരു പരിചയപ്പെടലായിരുന്നു അത്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്‍റെ അമ്മയേയും സുരഭി പരിചയപ്പെട്ടു. അധികം വൈകാതെ അവർ തമ്മിൽ നല്ല കൂട്ടായി. അവർക്കിടയിൽ വളരെ മനോഹരമായൊരു സൗഹൃദമുണ്ട്. അമ്മ തന്നെയാണ് ഇതൊരു പ്രൊപ്പോസലായി മുന്നോട്ടു കൊണ്ടുവന്നത്. ഏഴു മാസം മുൻപാണ് അത്തരമൊരു ആലോചന അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇപ്പോൾ ഞങ്ങൾ വിവാഹിതരായതും അതുപോലൊരു ഞായറാഴ്ച തന്നെയാണ്,' പാമ്പള്ളി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

2018ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വ്യക്തിയാണ് പാമ്പള്ളി. ലക്ഷദ്വീപിലെ ജസരി ഭാഷയില്‍ ഒരുക്കിയ സിന്‍ജാര്‍ എന്ന ചിത്രമാണ് പാമ്പള്ളിക്ക് ദേശീയ പുരസ്കാരം നേടികൊടുത്തത്. 67-ാമത് ദേശീയ ചലച്ചിത്രാത്സവത്തിന്‍റെ ജൂറിയായും 94-ാമത് ഓസ്‌കാറിൽ വിദേശ സിനിമകളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ സെലക്ഷന്‍ ജൂറിയായും ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ജൂറി അംഗം, ഐ.എഫ്.എഫ്.ഐയിൽ എന്‍റർടെയിൻമെന്‍റ് സൊസൈറ്റി ഗോവയുടെ ജൂറി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വരുന്ന 13ന് ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ച് ആദ്യ ഹോളിവുഡ് ചിത്രവും പാമ്പള്ളി പ്രഖ്യാപിക്കും. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News