ഭക്ഷണമില്ലാതെ തെരുവില്‍ ജീവിച്ച നാളുകള്‍... എന്‍റെ കഥ ആരെയും പ്രചോദിപ്പിക്കില്ല, തകര്‍ക്കും: മിഥുന്‍ ചക്രബര്‍ത്തി

'എന്‍റെ ചർമത്തിന്‍റെ നിറം കാരണം ഞാൻ ഒരുപാട് വർഷങ്ങള്‍ അവഹേളനം നേരിട്ടു'

Update: 2022-11-14 06:14 GMT

താന്‍ നിറത്തിന്‍റെ പേരില്‍ ഒരുപാട് വര്‍ഷങ്ങള്‍ പരിഹസിക്കപ്പെട്ടിരുന്നുവെന്ന് മുതിര്‍ന്ന നടന്‍ മിഥുൻ ചക്രബർത്തി. അടുത്ത ദിവസത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്നറിയാതെ കരഞ്ഞ നാളുകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് മിഥുന്‍ ചക്രബര്‍ത്തി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

"ജീവിതത്തിൽ ഞാൻ കടന്നുപോയ വഴികളിലൂടെ ആരും കടന്നുപോകരുതെന്നാണ് എന്‍റെ ആഗ്രഹം. എല്ലാവരും ബുദ്ധിമുട്ടുള്ള ദിവസങ്ങളോട് പോരാടിയിട്ടുണ്ട്. പക്ഷേ എന്‍റെ ചർമത്തിന്‍റെ നിറം കാരണം ഞാൻ ഒരുപാട് വർഷങ്ങള്‍ അവഹേളനം നേരിട്ടു". താന്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് മിഥുന്‍ ചക്രബര്‍ത്തി പറയുന്നത്- "ഒഴിഞ്ഞ വയറുമായി ഒരുപാടു ദിവസങ്ങള്‍ വഴിയോരത്ത് ഉറങ്ങേണ്ടിവന്നിട്ടുണ്ട്. അടുത്ത ദിവസത്തെ ഭക്ഷണം എന്തായിരിക്കും, എവിടെ കിടക്കും എന്നൊക്കെ ചിന്തിച്ചു കരഞ്ഞ ദിവസങ്ങളുണ്ട്"

Advertising
Advertising

മാനസികമായും ശാരീരികമായും വെല്ലുവിളികളെ അതിജീവിച്ച് താരപദവിയിലെത്തിയ തന്‍റെ ജീവിതം സിനിമയാക്കുന്നതിനോട് മിഥുന്‍ ചക്രബര്‍ത്തിക്ക് യോജിപ്പില്ല. അത് ആളുകളെ തകർത്തേക്കാമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം- "എന്‍റെ കഥ ഒരിക്കലും ആരെയും പ്രചോദിപ്പിക്കില്ല. അത് അവരെ (മാനസികമായി) തകർക്കുകയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കിത് ചെയ്യാൻ കഴിയുമെങ്കിൽ മറ്റാർക്കും ചെയ്യാം. സിനിമയില്‍ സ്വയം തെളിയിക്കാന്‍ ഞാൻ ഒരുപാട് പോരാടിയിട്ടുണ്ട്. ഹിറ്റ് സിനിമകൾ നൽകിയതുകൊണ്ടല്ല ഞാൻ ഇതിഹാസമായത്. എന്റെ ജീവിതത്തിലെ എല്ലാ വേദനകളെയും പോരാട്ടങ്ങളെയും മറികടന്നതിനാൽ ഞാൻ ഒരു ഇതിഹാസമാണ്"

1976ൽ മൃണാൾ സെന്നിന്‍റെ ദേശീയ അവാർഡ് നേടിയ മൃഗയ എന്ന സിനിമയിലാണ് മിഥുന്‍ ചക്രബര്‍ത്തി ആദ്യമായി അഭിനയിച്ചത്. എന്നാൽ 1979ലെ സുരക്ഷ എന്ന സിനിമയിലൂടെയാണ് മിഥുന്‍ ചക്രബര്‍ത്തി താരപദവിയിലേക്ക് എത്തിയത്. 80കളിൽ ഡിസ്കോ ഡാൻസർ, ഡാൻസ് കാ ഡാൻസ്, കമാന്‍ഡോ തുടങ്ങിയ ബ്ലോക് ബസ്റ്ററുകള്‍ പിറന്നു. കശ്മീർ ഫയൽസാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ അടുത്ത കാലത്ത് റിലീസായ സിനിമ. സണ്ണി ഡിയോൾ, സഞ്ജയ് ദത്ത്, ജാക്കി ഷ്റോഫ് എന്നിവര്‍ക്കൊപ്പം ബാപ് എന്ന സിനിമയിലാണ് നിലവില്‍ മിഥുന്‍ ചക്രബര്‍ത്തി അഭിനയിക്കുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News